Kottayam Local

വിജയപ്രതീക്ഷയുമായി ചങ്ങനാശ്ശേരിയില്‍ ഇരു കേരളാ കോണ്‍ഗ്രസ്സുകള്‍

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: എന്‍എസ്എസ്-കത്തോലിക്കാ അതിരൂപതാ ആസ്ഥാനങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയപള്ളിയും സ്ഥിതി ചെയ്യുന്ന ചങ്ങനാശ്ശേരിയില്‍ രണ്ടു കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഇത്തവണത്തെ പോരാട്ടം നടക്കുമ്പോള്‍ ഇരുകൂട്ടരും വിജയപ്രതീക്ഷയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ സി എഫ് തോമസ് ചങ്ങനാശ്ശേരി സ്വദേശിയും അധ്യാപകനുമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഡോ. കെ സി ജോസഫ് ചങ്ങനാശ്ശേരിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെ വെളിയനാട് താമസിക്കുന്നയാളും ഡോക്ടറുമാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ മല്‍സരിക്കുന്നു. എസ്ഡിപിഐ-എസ് പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐയിലെ അല്‍ത്താഫ് ഹസനും മണ്ഡലത്തില്‍ പ്രചാരണരംഗത്ത് സജീവമായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് പി സുരേഷ്, മാടപ്പള്ളി പഞ്ചായത്തില്‍ സ്വതന്ത്രനായി വിജയിച്ച അഡ്വ. സോജന്‍ പവിയാനോസ് എന്നിവര്‍ സ്വതന്തന്മാരായും മല്‍സരിക്കുന്നു. എസ്‌യുസിഐ (സി) സ്ഥാനാര്‍ഥിയായി കെ എന്‍ രാജനും മല്‍സരരംഗത്തുണ്ട്.
ഒന്നര മാസം മുമ്പുവരെയും ഒരേ പാര്‍ട്ടിയിലെ അംഗങ്ങളും നേതാക്കളുമായിരുന്ന ഡോ. കെ സി ജോസഫും സി എഫ് തോമസും രാഷ്ട്രീയം പറയാതെ വികസനം മാത്രം പറഞ്ഞുകൊണ്ടാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ 36 വര്‍ഷക്കാലം ചങ്ങനാശ്ശേരില്‍ ചെയ് വികസനം പ്രവര്‍ത്തനങ്ങള്‍ മാത്രം മതി തനിക്കു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനെന്ന വിശ്വാസത്തിലാണ് സി എഫ് തോമസ്. കിഴക്കന്‍ ബൈപാസും പടിഞ്ഞാറന്‍ ബൈപാസിനു തുടക്കമിട്ടതും ഉള്‍പ്പെടെ അദ്ദേഹം എടുത്തു പറയുന്നു. എന്നാല്‍ 36 വര്‍ഷം ഒരു എംഎല്‍എക്കു ചെയ്യാനാവുമായിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും ചങ്ങനാശ്ശേരിയില്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി ജോസഫ് പറയുന്നു. കുട്ടനാട് എംഎല്‍എ ആയിരുന്നപ്പോള്‍ നാടിനുവേണ്ടി അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചങ്ങനാശ്ശേരിയിലെ വോട്ടര്‍മാര്‍ക്കും അറിയാവുന്നതാണെന്നും ഡോ. കെ സി ജോസഫ് പറയുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി എല്‍ഡിഎഫിന് ഒപ്പം നിന്ന കുറിച്ചിയും പായിപ്പാടും ഉള്‍പ്പെടെ അഞ്ചില്‍ നാലു പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി നഗരസഭയിലും ഭരണം പിടിക്കാനായത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തവണ 2554 വോട്ടിനാണ് സി എഫ് തോമസ് എല്‍ഡിഎഫിലെ ഡോ. ബി ഇക്ബാലിനെ പരാജയപ്പെടുത്തിയത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 10398 ആയി വര്‍ധിച്ചു. എന്നാല്‍ ഇത്തവണ ഇതെല്ലാം മാറിമറിയുമെന്ന് ഇരു മുന്നണികളും കണക്കുകൂട്ടുന്നു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ പുതിയ വോട്ടര്‍മാരുടെ മനസ് എങ്ങോട്ടു മാറുമെന്ന ആശങ്കയും ഇരു മുന്നണികളിലുമുണ്ട്.
Next Story

RELATED STORIES

Share it