Districts

വിജയത്തിനിടയിലും ആരവങ്ങളില്ലാതെ എകെജി സെന്റര്‍; അപ്രതീക്ഷിത തിരിച്ചടിയുടെ മ്ലാനതയില്‍ ഇന്ദിരാഭവന്‍

തിരുവനന്തപുരം: അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ മരണവീട്ടിലേതിനു സമാനമായ മ്ലാനതയായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിറഞ്ഞുനിന്നത്. തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ രാവിലെതന്നെ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഫലം പുറത്തുവന്നതോടെ ഏവരും മൂകതയിലായി.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാവിലെ തന്നെ ഇന്ദിരാഭവനില്‍ എത്തിയിരുന്നു. തുടര്‍ന്ന് 8.15 ഓടെ കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍ ശങ്കര്‍ അനുസ്മരണം നടന്നു. ഈ സമയത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് നിരാശ പടര്‍ന്നു. 10.30 ആയതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച പൂര്‍ണമാവുന്ന തരത്തിലുള്ള ഫലങ്ങള്‍ വന്നു. ഈ സമയത്ത് സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറുന്ന വാര്‍ത്തകളും പുറത്തുവന്നതോടെ കെപിസിസി ആസ്ഥാനത്ത് ആളൊഴിഞ്ഞു. ഇതിനിടെ മുതിര്‍ന്ന ചില നേതാക്കളും സ്ഥലംവിട്ടിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകരും ഏതാനും ചില പ്രവര്‍ത്തകരും മാത്രമാണ് ഇന്ദിരാഭവനില്‍ അവശേഷിച്ചത്.
തുടര്‍ന്നു പൂര്‍ണമായ ഫലം പുറത്തുവന്ന് 12.30ഓടെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്നും പരാജയം പരിശോധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോടു പറയുമ്പോഴും സുധീരന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായെങ്കിലും അതിന്റെ ആരവങ്ങളൊന്നും എകെജി സെന്ററില്‍ ഉണ്ടായിരുന്നില്ല. വിജയം നേടിയെങ്കിലും എകെജി സെന്റര്‍ പൊതുവേ ശാന്തമായി തന്നെ നിലകൊണ്ടു. ഇന്നലെ രാവിലെ മുതല്‍ എല്‍ഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് നടക്കുമ്പോഴും പഴയ ആവേശമോ ആരവങ്ങളോ ഒന്നും എകെജി സെന്ററിന് മുന്നിലോ അകത്തോ ഉണ്ടായിരുന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.30ന് വാര്‍ത്താസമ്മേളനത്തിന് എത്തുന്നതുവരെ അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതുമില്ല. പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ തിരിച്ചടി നേരിട്ടതും സംസ്ഥാനത്തെ വിജയത്തിനിടയിലും എകെജി സെന്ററില്‍ ആരവമൊഴിയാന്‍ കാരണമായി. രാവിലെ മുതല്‍ എകെജി സെന്ററിലെ ടിവിക്ക് മുമ്പില്‍ ഇരുന്നത് അവിടെയുള്ള ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ്. ഇതിനിടെ 11.30ഓടെ കുന്നുക്കുഴി വാര്‍ഡി ല്‍ നിന്ന് വിജയിച്ച ഐ പി ബിനുവും കുറച്ച് അണികളും എകെജി സെന്ററിന് മുന്നിലെത്തി. അപ്പോഴാണ് ആദ്യമായി ഇവിടം ശബ്ദായമാനമായത്. അതിനു ശേഷം പല സ്ഥാനാര്‍ഥികളും ഇടയ്ക്കിടെ വന്നുപോയതൊഴിച്ചാല്‍ പ്രവര്‍ത്തകരുടെ ആവേശവും ആര്‍പ്പുവിളികളും ഒന്നും ഇന്നലെ എകെജി സെന്ററിലുണ്ടായില്ല. കോടിയേരി ബാലകൃഷ്ണന്‍ പത്രക്കാരെ കാണുന്നതിനു മുമ്പ് വിജയത്തില്‍ സന്തോഷം പങ്കിടാനായി ലഡു എത്തി. ഇതു മാത്രമായിരുന്നു എകെജി സെന്ററില്‍ ആകെ നടന്ന വിജയാഘോഷം.
Next Story

RELATED STORIES

Share it