വിജയകാന്ത് പിഡബ്ല്യുഎ സഖ്യത്തില്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിച്ച് ക്യാപ്റ്റന്‍ വിജയകാന്ത് വീണ്ടും സുപ്രധാന ഘടകമാവുന്നു. സിപിഎം, സിപിഐ, വൈകോയുടെ എംഡിഎംകെ, തോല്‍ തിരുമാവളവന്റെ ദലിത് പാര്‍ട്ടിയായ വിസികെ എന്നിവയുള്‍പ്പെടുന്ന മൂന്നാം മുന്നണിയായ പീപ്പിള്‍സ് വെല്‍ഫെയര്‍ സഖ്യ (പിഡബ്ല്യുഎ) ത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ വിജയകാന്തിന്റെ ഡിഎംഡികെ തീരുമാനിച്ചു. വിജയകാന്തായിരിക്കും മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അദ്ദേഹത്തെ മുന്‍നിര്‍ത്തി പ്രചാരണം ശക്തമാക്കാന്‍ ഘടകകക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു.പ്രമുഖ ദ്രാവിഡ കക്ഷികളായ അണ്ണാഡിഎംകെക്കും ഡിഎംകെക്കുമൊപ്പം ചേരില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നുമായിരുന്നു വിജയകാന്ത് കഴിഞ്ഞയാഴ്ച വരെ പറഞ്ഞിരുന്നത്. ഡിഎംഡികെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയും ശ്രമിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് അദ്ദേഹം പിഡബ്ല്യുഎക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. പിഡബ്ല്യുഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 124 സീറ്റില്‍ ഡിഎംഡികെ മല്‍സരിക്കും, ബാക്കി 110 സീറ്റുകള്‍ മറ്റു കക്ഷികള്‍ വീതിച്ചെടുക്കും. ഡിഎംഡികെ മൂന്നാംമുന്നണിയില്‍ ചേര്‍ന്നത് ഡിഎംകെക്കും അണ്ണാഡിഎംകെക്കും  ഒരുപേലെ ക്ഷീണമായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത് ഡിഎംഡികെക്ക് കനത്ത തിരിച്ചടിയായിരുന്നു. ഒരു സീറ്റിലും ജയിക്കാനായില്ലെന്നു മാത്രമല്ല അന്ന് 5 ശതമാനം വോട്ട് കുറയുകയും ചെയ്തു. ഇതില്‍നിന്നു പാഠമുള്‍ക്കൊണ്ടാണ് വിജയകാന്ത് മൂന്നാംമുന്നണിയില്‍ ചേര്‍ന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2005ല്‍ ഡിഎംഡികെ രൂപീകരിച്ചതിനു തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ-പ്രാദേശിക പാര്‍ട്ടികളെ ഞെട്ടിച്ച് അവര്‍ 8 ശതമാനം വോട്ട് നേടിയിരുന്നു.  അതേസമയം, സിനിമാനടന്‍ ശരത്കുമാറിന്റെ എഐഎസ്എംകെ ഇന്നലെ അണ്ണാഡിഎംകെ സഖ്യത്തില്‍ തിരിച്ചെത്തി. നേരത്തെ അണ്ണാഡിഎംകെ സഖ്യം വിട്ട അദ്ദേഹം എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. തെങ്കാശി നിയമസഭാംഗമായ ശരത്കുമാറിന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമാണ്.  മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് വീണ്ടും അണ്ണാഡിഎംകെ സഖ്യത്തില്‍ ചേരാന്‍ ശരത്കുമാര്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it