Districts

വിജയം ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഊര്‍ജം നല്‍കിയെന്ന് കോച്ച്

കൊച്ചി: പൂനെ എഫ്‌സിക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിലെ വിജയം കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഊര്‍ജം നല്‍കിയിട്ടുണ്ടെന്നും ടീം ക്യാംപില്‍ എല്ലാവരും സന്തുഷ്ടരാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകരായ ടെറി ഫെലാനും ട്രെവര്‍ മോര്‍ഗനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതു ടീമിനും ഏതു ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കുന്നതാണ് ഐഎസ്എല്ലിന്റെ പ്രത്യേകത.
പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നവരെ താഴെ നില്‍ക്കുന്നവര്‍ പരാജയപ്പെടുത്തുന്നു. ഒരു മല്‍സര ഫലം തന്നെ ടീമിന്റെ സ്ഥാനം ആകെ മാറ്റി മറിക്കും. എല്ലാ മല്‍സരവും വളരെ പ്രധാനമെന്ന നിലയിലാണ് കളിക്കുന്നത്. ഈ കളിയിലെ മൂന്നു പോയിന്റ് കേരളത്തിനു വളരെ പ്രധാനപ്പെട്ടതാണ്. അതു നേടാനുള്ള ആത്മവിശ്വാസം ടീമിനുണ്ടെന്നും ടെറി ഫെലാന്‍ പറഞ്ഞു. ഇന്ത്യന്‍ ക്യാംപിലേക്കു പോയ കാവിന്‍ ലോബോ, സന്ദേശ് ജിങ്കാന്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് എതിരായ മല്‍സരത്തില്‍ കളിക്കാനുണ്ടാവില്ല. ഇവര്‍ക്ക് പകരക്കാര്‍ ടീമിലുണ്ട്. ദേശീയ ടീമിലേക്ക് വിളി വരിക, പരുക്കുമൂലം വിട്ടു നില്‍ക്കേണ്ടി വരിക എന്നിവ ക്ലബ്ബ് ഫുട്‌ബോളില്‍ സാധാരണ കാര്യമാണ്. അത് പലപ്പോഴും മറ്റുള്ളവര്‍ക്ക് അവസരം ലഭ്യമാക്കുകയാണ്. ഈ രണ്ടു പേര്‍ ഒഴികെ ബാക്കി കളിക്കാര്‍ കേരള സ്‌ക്വാഡില്‍ കളിക്കാന്‍ സജ്ജമാണ്. പരുക്കിന്റെ ചെറിയ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, അത് ഗുരുതരമല്ല.
മാര്‍ക്വീ താരമായ കാര്‍ലോസ് മര്‍ച്ചേന മടങ്ങിയതിനെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്റ് താരം ജെയിംസ് മക്ഫാഡനുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, നാട്ടിലുള്ള തിരക്കുകള്‍ കാരണം അദ്ദേഹത്തിന്റെ ഉറപ്പ് ലഭിച്ചിട്ടില്ല. മക്ഫാഡനെ കൂടാതെ മൂന്നു നാലു വിദേശ കളിക്കാരുമായും ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. മര്‍ച്ചേനയ്ക്കു പകരം ആളെ കണ്ടെത്തുമ്പോള്‍ കളിക്കാരനെയാകും നോക്കുക; അയാള്‍ കളിക്കുന്ന പൊസിഷന്‍ ആവില്ല പരിഗണനയില്‍ വരികയെന്നും ടെറി ഫെലാന്‍ പറഞ്ഞു.
കഴിഞ്ഞ തവണ കേരള നിരയില്‍ കളിച്ച ഇയാന്‍ ഹ്യൂമിനെ പ്രത്യേകമായി കാണുന്നില്ലെന്നും എല്ലാ ടീമിലും മികച്ച കളിക്കാരുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ടെറി ഫെലാന്‍ പ റഞ്ഞു.
Next Story

RELATED STORIES

Share it