malappuram local

വിജയം കണ്ട് ഇടത് 'സ്വതന്ത്ര തന്ത്രം'

മുജീബ് പുള്ളിച്ചോല

മലപ്പുറം: മലപ്പുറം ചുവപ്പിക്കാന്‍ ഇടതു കണ്ടെത്തിയ സ്വതന്ത്ര തന്ത്രം ഹിറ്റായി. സംസ്ഥാനത്തുതന്നെ ഇടതിനു വേണ്ടി ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ കളത്തിലിറങ്ങിയത് മലപ്പുറത്തായിരുന്നു. 16 സീറ്റില്‍ ഏഴുപേരെയാണ് ഇടത് സ്വതന്ത്ര വേഷം കെട്ടിച്ച് കളത്തിലിറക്കിയത്. സിപിഎം അഞ്ചുപേരെയും സിപിഐ രണ്ടുപേരെയും മല്‍സരിപ്പിച്ചു. മലപ്പുറത്ത് ഇടതിന്റെ ഗ്രാഫ് രണ്ടില്‍ നിന്നു നാലിലേക്കുയര്‍ത്തിയതില്‍ മൂന്നുപേരും സ്വതന്ത്രരാണ്. പൊന്നാനിയില്‍ മാത്രമാണ് സിപിഎമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിക്കാനായത്. മഞ്ഞളാംകുഴി അലിയിലൂടെ ഇടത് മലപ്പുറത്ത് നടത്തിയ സ്വതന്ത്ര തന്ത്രം കെ ടി ജലീലിലൂടെ അരക്കിട്ടുറപ്പിക്കുകയായിരുന്നു.
അലി മങ്കടയില്‍ രണ്ടു തവണയും, ജലീല്‍ കുറ്റിപ്പുറത്തു നിന്ന് ഒരുതവണയും തവനൂരില്‍ നിന്നു രണ്ടു തവണയും സ്വതന്ത്രനായി വിജയിച്ചിരുന്നു. ടി കെ ഹംസയെ നിലമ്പൂരില്‍ സ്വതന്ത്രനായി മല്‍സരിപ്പിച്ച് ആര്യാടന്‍ മുഹമ്മദിനെതിരേ വിജയം നേടാനും ഇടതിനായിരുന്നു. ഇപ്രാവശ്യവും ഈ തന്ത്രം തന്നെയാണ് ഇടതു പ്രയോഗിച്ചത്. മുസ്‌ലിംലീഗ് ബെല്‍റ്റിലൂടെ യുഡിഎഫിനു ഇളക്കം തട്ടാത്ത ഈ പച്ചക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തണമെങ്കില്‍ പാളയത്തില്‍നിന്നു തന്നെ പടവെട്ടണം. ആ രാഷ്ട്രീയ തന്ത്രത്തിലാണ് കോണ്‍ഗ്രസ്സിലെയും ലീഗിലെയും പ്രാദേശികമായി തിളങ്ങുന്ന ജനകീയരെ പാട്ടിലാക്കി ഇടത് പോരിനിറക്കിയത്. ഇടതു സ്വതന്ത്രരില്‍ ശക്തി തെളിയിച്ച് അത്ഭുത വിജയം സ്വന്തമാക്കിയത് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ പി വി അന്‍വറാണ്. മുന്‍ കെപിസിസി അംഗമാണ് ഇദ്ദേഹം.
ആര്യാടന്‍മാര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കി എന്ന ആരോപണവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പും കൂടിയായപ്പോള്‍ അന്‍വര്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം കണ്ടു. ആര്യാടന്‍ യുഗത്തിനു തടയിട്ടുള്ള ഈ വിജയം ഇടതിന്റെ സ്വതന്ത്ര തന്ത്രത്തിനു കരുത്തു പകരുന്നതാണ്. താനൂരില്‍ ഇടതിനു വേണ്ടി മല്‍സരിച്ചത് മുന്‍ കോണ്‍ഗ്രസ്സുകാരനായ ഇടതു സ്വതന്ത്രനാണ്. മുസ്‌ലിംലീഗിന്റെ മുന്‍നിര നേതാക്കളില്‍ പ്രധാനിയായ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്കെതിരേ വി അബ്ദുര്‍റഹ്മാന്‍ നേടിയ വിജയം ലീഗിനെ തന്നെ അമ്പരപ്പിച്ചു. 4,918 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി അബ്ദുര്‍റഹ്മാന്‍ വിജയം നേടിയത്. നേരത്തെ പൊന്നാനി ലോക്‌സഭയിലേക്ക് മല്‍സരിച്ച അബ്ദുര്‍റഹ്മാന്‍ താനൂരില്‍ ജനകീയ പരിവേഷം ലഭിച്ചയാളാണ്. ഇടതിനു ജില്ലയില്‍ നിന്നു സ്വതന്ത്രനിലൂടെ ലഭിച്ച മൂന്നാമത്തെ സീറ്റ് തവനൂരാണ്. കെ ടി ജലീല്‍ തന്നെ ഇടതു സ്വതന്ത്രനായി വീണ്ടും നിയമസഭയിലേക്ക് ടിക്കറ്റെടുത്തു. 2011ല്‍ 6,854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കില്‍ ഇത്തവണ അത് 17,064 ലേക്ക് ഉയര്‍ത്തി വിജയം കനത്തതാക്കി. കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലെ ഇടത് സ്വതന്ത്രര്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. തിരൂരങ്ങാടിയില്‍ ഇടതു സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്ത് മന്ത്രി പി കെ അബ്ദുറബ്ബിനെതിരേ പൊരുതിയാണു പരാജയം സമ്മതിച്ചത്. 2011ല്‍ തിരൂരങ്ങാടിയില്‍ 30,208 വോട്ടിന്റെ ഭൂരിപക്ഷമുള്ളതില്‍ നിയാസ് 6,043 വോട്ടിന്റെ ലീഡിലേക്ക് അബ്ദുറബ്ബിനെ താഴ്ത്തി.
തിരൂരില്‍ ഗഫൂര്‍ പി ലില്ലീസും കൊണ്ടോട്ടിയില്‍ കെ പി ബീരാന്‍കുട്ടിയും ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി ലീഡ് കുത്തനെ താഴ്ത്തി. കെ ടി ജലീല്‍ ഒഴികെ എല്ലാ ഇടതു സ്വതന്ത്രരും ബിസിനസുകാരാണെന്നതും ശ്രദ്ധേയമാണ്. ഇടതു വോട്ടുകള്‍ക്കപ്പുറത്ത് ലീഗ്, കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ കൂടി പോക്കറ്റിലായാലേ മലപ്പുറത്തെ ചുവപ്പിക്കാന്‍ പറ്റു എന്ന തന്ത്രത്തിലാണ് ഇടത് സ്വതന്ത്ര പരീക്ഷണത്തിനിറങ്ങിയത്. അത് വിജയം കാണുകയും ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പിലും ജനകീയ മുന്നണി കൂട്ടുകെട്ടിന് രൂപംകൊടുത്ത് സ്വതന്ത്രര്‍ മല്‍സരത്തിനിറങ്ങിയപ്പോള്‍ ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ഇടതിനായിരുന്നു.
Next Story

RELATED STORIES

Share it