Kottayam Local

വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫ്; അട്ടിമറി പ്രതീക്ഷയില്‍ എല്‍ഡിഎഫ്

കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എപ്പോഴും യുഡിഎഫിനെ തുണയ്ക്കുന്ന ഡിവിഷനാണ് കടുത്തുരുത്തി. ഇതുവരെയുള്ള ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ കടുത്തുരുത്തിയില്‍ നിന്നു ജയിച്ചു വന്നിട്ടുള്ളതു കേരളാ കോണ്‍ഗ്രസ് (എം) മാത്രമാണ്. ചരിത്രത്തിന്റെ ഈ പിന്‍ബലമാണ് യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്. എന്നാല്‍ ചരിത്രം തിരുത്താന്‍ സമയം അധികം വേണ്ടെന്നും ഇത്തവണ അട്ടിമറി ഉറപ്പെന്നും എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു. ഇരു മുന്നണികള്‍ക്കുമെതിരെ ശക്തി തെളിയിക്കാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി
കടുത്തുരുത്തി, ഞീഴൂര്‍ പഞ്ചായത്തുകളും കല്ലറ, മാഞ്ഞൂര്‍ പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളും മുളക്കുളം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും തലയോലപ്പറമ്പ് പഞ്ചായത്തിലെ ഒരു വാര്‍ഡും ഉള്‍പ്പെടുന്നതാണു ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷന്‍. നിലവില്‍ ഡിവിഷനു കീഴില്‍ വരുന്ന ബ്ലോക്കുകളും പഞ്ചായത്തുകളുമെല്ലാം യുഡിഎഫ് ഭരണത്തിലാണ്.
ജില്ലാ പഞ്ചായത്ത് മെംബറായും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി മേരി സെബാസ്റ്റ്യനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പഞ്ചായത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍, കുടുംബ കോടതി കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ജൈവകര്‍ഷക കൂടിയാണ്. രാഷ്ട്രീയ രംഗത്തെ പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തന പരിചയം തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്നു യുഡിഎഫ് ക്യാംപ് പറയുന്നു.
അധ്യാപികയും സഹകാരിയും അധ്യാപകസംഘടനാ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗ്രേസി ജോസഫ്. കെപിസിസി അംഗമായിരുന്ന എ എം ജോസഫിന്റെ ഭാര്യയാണ്. കാണക്കാരി ഗവണ്‍മെന്റ് വിഎച്ച്എസ് എസില്‍നിന്നു വിരമിച്ച ഗ്രേസി ജോസഫിലൂടെ മികച്ച വിജയം സ്വന്തമാക്കാമെന്നാണു എല്‍ഡിഎഫ് പ്രതീക്ഷ. എന്‍ജിനിയറിങ് ബിരുദധാരിയാണ് ബിജെപി സ്ഥാനാര്‍ഥി ലക്ഷ്മി ജയദേവ്. രാഷ്ട്രീയ രംഗത്തുണ്ടായിരിക്കുന്ന മാറങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നു ബിജെപി നേതാക്കള്‍ പറയുന്നു.
Next Story

RELATED STORIES

Share it