വിഖ്യാത ശില്‍പി സഹ ഹദീദ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത വാസ്തു ശില്‍പി സഹ ഹദീദ്(65) അന്തരിച്ചു. വാസ്തുശില്‍പ രംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കെര്‍ ആര്‍കിടെക്ചര്‍ പുരസ്‌കാരം നേടിയ ആദ്യ വനിതയാണ് ഇറാഖി വംശജയായ ഹദീദ്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ബ്രോങ്കൈറ്റിസ് ചികില്‍സയുടെ ഭാഗമായി മിയാമിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ലോകത്തിലെ ഏറ്റവും മഹത്തായ വനിതാ വാസ്തുശില്‍പി എന്ന നിലയിലാണ് ഹദീദ് അറിയപ്പെടുന്നത്. 1950 ഒക്ടോബര്‍ 31ന് ബാഗ്ദാദില്‍ ജനിച്ച ഹദീദ് 1972ല്‍ ലണ്ടനില്‍ നിന്ന് ആര്‍കിടെക്ചറില്‍ ഉന്നത വിദ്യാഭ്യാസം നേടി. 1979ല്‍ ലണ്ടനില്‍ സഹ ഹദീദ് ആര്‍കിടെക്റ്റ്‌സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. 2004ലാണ് പ്രിറ്റ്‌സ്‌കെര്‍ ആര്‍കിടെക്ചര്‍ പുരസ്‌കാരം നേടിയത്. മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഷിക്കാഗോയിലെ പ്രിറ്റ്‌സ്‌കെര്‍ പുരസ്‌കാര സംഘടന അറിയിച്ചു.
വാസ്തുശില്‍പരംഗത്തെ കുലപതികളിലൊരാളായാണ് ഹദീദ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത, ആധുനിക ശൈലികളില്‍ നിന്നു വിട്ടുമാറിക്കൊണ്ടുള്ള നിയോഫ്യൂച്ചറിസ്റ്റിക് രൂപകല്‍പനകളുടെ പേരിലാണ് സഹ ഹദീദ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍കിടെക്ചറിന്റെ ഈ വര്‍ഷത്തെ റോയല്‍ ഗോള്‍ഡ് മെഡല്‍ പുരസ്‌കാരം ഇവര്‍ക്ക് ലഭിച്ചിരുന്നു.
2012ലെ ഒളിംപിക്‌സ് വേദികളിലൊന്നായ ലണ്ടന്‍ അക്വാറ്റിക്‌സ് സെന്റര്‍, 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി പരിഗണിക്കുന്ന അല്‍ വഖ്‌റാ സ്‌റ്റേഡിയം, അബുദബിയിലെ ശെയ്ഖ് സഈദ് പാലം, ചൈനയിലെ ഗ്വാന്‍ഷ്വുവിലുള്ള ഓപെറ ഹൗസ്, റോമിലെ ഇറ്റാലിയന്‍ ഇന്റര്‍നാഷനല്‍ മ്യൂസിയം ഓഫ് ട്വന്റിഫസ്റ്റ് സെഞ്ച്വറി ആര്‍ട്‌സ് തുടങ്ങിയ നിര്‍മിതികളുടെ രൂപകല്‍പന നിര്‍വഹിച്ചത് ഹദീദാണ്.
Next Story

RELATED STORIES

Share it