വികെസി: പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വം

ആബിദ്

കോഴിക്കോട്: പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയാണ് കോര്‍പറേഷനിലെ ഇടതുപക്ഷത്തിന്റ മേയര്‍ സ്ഥാനാര്‍ഥി വികെസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി മമ്മദ് കോയ. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് ജനമനസ്സുകളില്‍ പ്രതിഷ്ഠ നേടാനായി. ബിസിനസ്സും ജനസേവനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന ശ്രമകരമായ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ച അദ്ദേഹം വളരെ വേഗം നാട്ടുകാരുടെ ആത്മമിത്രമായി മാറുകയായിരുന്നു. കൂലിത്തൊഴിലാളിയില്‍ നിന്ന് വന്‍ വ്യവസായിയിലേക്കു വളര്‍ന്നപ്പോഴും പിന്നിട്ട വഴികള്‍ അദ്ദേഹം മറന്നില്ല. കാന്‍സര്‍ രോഗികളെ സഹായിക്കാനും സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനാവശ്യമായ സാഹചര്യമൊരുക്കാനും എന്നും മുന്നില്‍ നിന്നു.
1979ല്‍ 39ാമത്തെ വയസ്സില്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ടത്. 1990ല്‍ ചെറുവണ്ണൂരില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെടുകയും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനാവുകയും ചെയ്തു.
1995ല്‍ ഫറോക്കില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട വികെസി അത്തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2000ല്‍ ബേപ്പൂരില്‍ നിന്ന് വീണ്ടും ജില്ലാ പഞ്ചായത്തംഗമായി. 2001ലെ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്വന്തമായൊരു വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിലും ജനസേവനത്തിനുള്ള ഒരവസരവും പാഴാക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് കൂലി സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഉടമ പിരിച്ചുവിട്ടതാണ് വികെസിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ജോലി അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയ അദ്ദേഹം അവിടെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍, തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഖലാസിപ്പണി ഉള്‍പ്പെടെയുള്ള തൊഴിലുകളെടുത്തു. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കരാറുകാര്‍ക്കൊപ്പമായിരുന്നു ജോലി. അവിടെനിന്ന് ചെറിയ സബ് കോണ്‍ട്രാക്ടുകളെടുത്താണ് അദ്ദേഹം തന്റെ ബിസിനസ് യാത്രയ്ക്കു തുടക്കമിട്ടത്.
തമിഴ്‌നാട്ടിലെ കാടമ്പാറയിലുള്‍പ്പെടെ ഹോട്ടല്‍ നടത്തിയ അദ്ദേഹം 1968ല്‍ മൂന്നു സുഹൃത്തുകള്‍ക്കൊപ്പം വികെസി എന്ന പേരില്‍ ചെറുവണ്ണൂരില്‍ തീപ്പെട്ടി കമ്പനി തുടങ്ങി. മൂന്നുപേരുടെയും ഇനീഷ്യലുകള്‍ ചേര്‍ത്താണ് കമ്പനിക്കു പേരിട്ടത്. 1969ല്‍ മറ്റു രണ്ടു പേരും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി ബിസിനസിലെ പങ്കാളിത്തം അവസാനിപ്പിച്ചു.
ഇതോടെ തീപ്പെട്ടി കമ്പനിക്കൊപ്പം വികെസി എന്ന നാമവും മമ്മദ് കോയയുടെ സ്വന്തമായി. 75 വയസ്സായെങ്കിലും ചുറുചുറുക്കോടെ അണികള്‍ക്ക് ആവേശം പകര്‍ന്ന് തിരഞ്ഞെടുപ്പ് ഗോദയിലുടനീളം അവരിലൊരാളായി വികെസിയുണ്ട്.
Next Story

RELATED STORIES

Share it