വികസന രാഷ്ട്രീയമല്ല, മോദിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടേത് വികസന രാഷ്ട്രീയമല്ല, പ്രതികാര രാഷ്ട്രീയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ബിജെപിക്കേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ആം ആദ്മി സര്‍ക്കാരിനെ വേട്ടയാടുന്നത് മോദിയും കേന്ദ്രവും തുടരുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ തന്റെ സര്‍ക്കാരിലെ 77 ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തിയ കെജ്‌രിവാള്‍, ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രാജി വയ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചത്.
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത താന്‍ മോദിയെ കണ്ടുമുട്ടിയ സമയത്ത് അറിയിച്ചിരുന്നുവെന്നും എന്നാല്‍ അതിനോട് മോദിയുടെ ഭാഗത്ത് നിന്നു യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രത്തിനു വേണ്ടി ഡല്‍ഹി സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നെന്ന് ആം ആദ്മി ആരോപിക്കുന്ന ഗവര്‍ണര്‍ നജീബ് ജങിനെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ അസ്ഥിരാവസ്ഥ സൃഷ്ടിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ഇവരുടെ ശ്രമങ്ങളെന്നും കെജ്‌രിവാള്‍ പറഞ്ഞു. മാധ്യമങ്ങള്‍ മുമ്പത്തേത് പോലെത്തന്നെ ഇപ്പോഴും ആം ആദ്മിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it