palakkad local

വികസന കാര്യങ്ങളില്‍ രാഷ്ട്രീയമോ മതമോ പരിഗണിക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍

പാലക്കാട്: വികസന കാര്യങ്ങളില്‍ രാഷ്ട്രീയമോ, മതമോ പരിഗണിക്കില്ലെന്ന് പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍. നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വികസന പ്രവര്‍ത്തനം എത്തിക്കുകയാണ് ലക്ഷ്യം. അതിന് ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുണ്ടാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞടുപ്പ് പത്രികയിലെ 101 ഇന കര്‍മപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് പുറമെ അമൃത് പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. അമൃത് പദ്ധതിയിലുള്‍പ്പെട്ട കുടിവെള്ളം, മലിനജല പ്ലാന്റുകള്‍, ഡ്രൈനേജ് നിര്‍മാണം, നഗര ഗതാഗത പദ്ധതികള്‍, നഗര സൗന്ദര്യവല്‍കരണം, ഫുട്ട് ഓവര്‍ബ്രിഡ്ജ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. രണ്ടാം ഘട്ടത്തില്‍ ശകുന്തള ജങ്ഷനില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
അലഞ്ഞ് തിരിയുന്ന കന്നുകാലികള്‍ക്കെതിരേ പത്ത് ദിവസനത്തിനകം കര്‍ശനനടപടി സ്വീകരിക്കും. കൂടുതല്‍ ഗോശാലകള്‍ നിര്‍മിച്ച് പാര്‍പ്പിക്കുന്ന കാര്യം ആലോചിക്കും. തെരുവില്‍ അഴിച്ച് വിടുന്ന കന്നുകാലി ഉടമകളില്‍ നിന്ന് നല്ലൊരു പിഴ ഈടാക്കാനും ശുപാര്‍ശ ചെയ്യും.
ഒന്നേ മുക്കാല്‍ കോടിയോളം നികുതി കുടിശ്ശികയാണുള്ളത്. നഗരസഭയുടെ അനുവാദമില്ലാതെ നിര്‍മിച്ച കടകളും വീടുകളും കണ്ടെത്തി നികുതി പിരിക്കാനും നടപടി സ്വീകരിക്കും. നഗരസഭയില്‍ ഹെല്‍പ്പ് ഡെസ്‌ക്കും ഒരോ വാര്‍ഡുകളിലും ഗ്രാമസേവകേന്ദ്രവും സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍ നഗരസഭ നേരിട്ട് ഉദ്യോഗസ്ഥരെ നിയമിക്കും. കേവല ഭൂരിപക്ഷമില്ലെങ്കിലും ബിജെപി കാലാവധി പൂര്‍ത്തിയാക്കുമെന്നും അവര്‍ അവകാശപ്പെട്ടു. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനും പ്ലാസ്റ്റിക് വിമുക്തനഗരമാക്കി മാറ്റാനും നടപടി സ്വീകരിക്കും. കൗണ്‍സില്‍ തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി ഓരോ കൗണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് അവലോകനം നടത്തും. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് പ്രശ്‌നങ്ങ ള്‍ ഉന്നയിക്കുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്താനും മാസത്തില്‍ ഒന്നില്‍ കൂടുതല്‍ യോഗം വിളിക്കും. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ എസ് ആര്‍ ബാലസുബ്രഹ്മണ്യന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it