Editorial

വികസനത്തെപ്പറ്റി ചില പുനര്‍വിചാരങ്ങള്‍

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായ തങ്ങളുടെ വികസന അജണ്ട തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് വിപുലമായ കേരള പഠന കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തത്. മറ്റു കക്ഷികളില്‍ നിന്നു വ്യത്യസ്തമായി തങ്ങളുടെ പ്രകടനപത്രികയ്ക്ക് ജനകീയമായൊരു മുഖം നല്‍കാനും ഭാവികേരളത്തെ സംബന്ധിച്ച വിവേകപൂര്‍ണമായൊരു പര്യാലോചന നടത്താനും സിപിഎം തയ്യാറായത് സന്തോഷജനകമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സും ഐക്യ ജനാധിപത്യ മുന്നണിയും വികസനത്തെപ്പറ്റി വായ്ത്താരി പറയുകയും സ്വന്തം കീശ വീര്‍പ്പിക്കുന്നതിനപ്പുറം മറ്റൊരു വികസന അജണ്ടയും നടപ്പാക്കാതിരിക്കുകയും ചെയ്തത് മലയാളികള്‍ കണ്ടറിഞ്ഞതാണ്. നാട്ടുകാര്‍ക്ക് നല്ല നാള്‍ വരുന്നു എന്ന മുദ്രാവാക്യവുമായി കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബിജെപിയുടെ കേരള ഘടകമാകട്ടെ, കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനല്ല പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. തീവ്രവലതുപക്ഷ രാഷ്ട്രീയവും മതാടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാനും മലയാളികളെ പരസ്പരം പോരടിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഭാവികേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ചിത്രം എങ്ങനെയാവണം എന്നതു സംബന്ധിച്ച് സുതാര്യമായ ഒരു ചര്‍ച്ചയ്ക്ക് വീണ്ടും സിപിഎം തയ്യാറായെന്നത് ആശ്വാസകരമാണ്. 1994ല്‍ ഒന്നാം കേരള പഠന കോണ്‍ഗ്രസ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടത്തിയ കാലം മുതല്‍ വികസനരംഗത്ത് ജനകീയ ബദല്‍ എന്ന സമീപനം പാര്‍ട്ടി സ്വീകരിച്ചുപോരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും ഭിന്നതകളും ഇത്തരമൊരു സമചിത്തതയോടെയുള്ള നിലപാട് പ്രായോഗികരംഗത്ത് സ്വീകരിക്കുന്നതിനു തടസ്സമായി മാറുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ഇടതുപക്ഷത്തെ ആഭ്യന്തര സംഘര്‍ഷങ്ങളും അതിന്റെ ശൈഥില്യവും കേരളത്തില്‍ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയവും നയങ്ങളും കൊടികുത്തിവാഴുന്ന അവസ്ഥ ഉണ്ടാക്കുന്നതില്‍ വലിയ പങ്കുതന്നെയാണ് വഹിച്ചിട്ടുള്ളത്.
പഠന കോണ്‍ഗ്രസ്സില്‍ തങ്ങളുടെ വികസന നയം സംബന്ധിച്ച സമീപനം എന്തായിരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സും ബിജെപിയും പിന്തുടരുന്ന നവലിബറല്‍ നയങ്ങളുടെ ബദലെന്ന നിലയിലാണ് സിപിഎം തങ്ങളുടെ വികസന അജണ്ടയെ മുന്നോട്ടുവയ്ക്കുന്നത്. അത്തരമൊരു കൃത്യമായ ബദല്‍ മുന്നോട്ടുവയ്ക്കാന്‍ പാര്‍ട്ടി തയ്യാറായെന്നത് സ്വാഗതാര്‍ഹമാണ്. മതവിശ്വാസികളും അവരുടെ പ്രസ്ഥാനങ്ങളുമായി തീവ്രവലതുപക്ഷ-ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ കൂട്ടുകെട്ട് വേണമെന്ന എം എ ബേബിയുടെ നിലപാടും പ്രസക്തമാണ്. ഭീതിയുടെ കരിനിഴലില്‍ കഴിയുന്ന ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആശാവഹമായൊരു സന്ദേശമാണ്. ഏറ്റവും ചുരുങ്ങിയത്, തീര്‍ത്തും നിഷേധാത്മകമായ ഒരു രാഷ്ട്രീയ ഭൂമികയില്‍ വീണ്ടും വികസനവും ഭാവിയും സംബന്ധിച്ച വിഷയങ്ങളിലേക്ക് ചര്‍ച്ച തിരിക്കാനെങ്കിലും ഈ കോണ്‍ഗ്രസ് സഹായകമായി എന്നതുതന്നെ പ്രധാനം.
Next Story

RELATED STORIES

Share it