വികസനത്തിലെ മായാജാലങ്ങള്‍ കണ്ട് കേരളീയര്‍ നിലപാട് മാറ്റില്ല

പി വി കൃഷ്ണന്‍

തിരുവനന്തപുരം: വികസനത്തിലെ മായാജാലങ്ങള്‍ കണ്ട് കേരളീയര്‍ നിലപാട് മാറ്റില്ല. കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന് ഇലക് ഷനെക്കുറിച്ച് പറയാനുള്ളതാണിത്. കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അവര്‍ തീരുമാനിക്കും അവരെ ഭരിക്കേണ്ട യഥാര്‍ഥ ഭരണാധികാരിയെ.
വികസനവും വികസനവാഗ്ദാനങ്ങളും നല്‍കി ജനങ്ങളുടെയുള്ളില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് എല്ലാ രാഷ്ട്രീയക്കാരും ഇപ്പോള്‍ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും മുദ്രാവാക്യങ്ങള്‍ എഴുന്നള്ളിക്കുന്നുണ്ട്. ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷ എന്ന പാവം പെണ്‍കുട്ടിയെപ്പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി എടുത്തുയര്‍ത്തുന്ന അതിദയനീയവും ക്രൂരവുമായ കാഴ്ചയാണ് ഇന്ന് കാണുന്നത്.
പ്രചാരണ വിഷയങ്ങള്‍ക്കു വേണ്ടി ബലാല്‍സംഗം ചെയ്ത് നമ്മുടെ പെണ്‍മക്കളെ ഇനിയും കൊന്നെന്നും വരും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവര്‍ക്കുവേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയാണിന്നുള്ളത്. പക്ഷേ, വിവരവും വിദ്യാഭ്യാസവും നാളെയെക്കുറിച്ച് വ്യക്തമായ സ്വപ്‌നവുമുള്ള കേരളീയര്‍ക്ക് തെറ്റുപറ്റില്ലെന്നു തന്നെയാണ് വിശ്വാസം. അവര്‍ എന്നത്തെയും പോലെ അവരെ ആരു ഭരിക്കണമെന്ന് വിധിയെഴുതും.
മെയ് 16ന് അവര്‍ തീരുമാനിക്കും ആരു ഭരിക്കണമെന്ന്. ഭാരതത്തിന് കേരളീയ സമൂഹം എന്നും ഒരു അദ്ഭുതമാണ്. ഇവിടെയുള്ള സാക്ഷരത, സാമൂഹികപ്രതിബദ്ധത, ജാതിമത വിഭാഗീയത മറന്നുകൊണ്ടുള്ള സാഹോദര്യം, പരസ്പരസഹായം ഇതെല്ലാം പാരമ്പര്യ സംസ്‌കാരമായി കേരളത്തിന്റെ ശ്വാസനിശ്വാസമായി ഇപ്പോഴും നിലനില്‍ക്കുന്നു. യുഡിഎഫ് വന്നാലും എല്‍ഡിഎഫ് വന്നാലും ഈ നിലപാടില്‍നിന്നും കേരളം മാറില്ല. മാറിയ ചരിത്രവുമില്ല. അവന് അയലത്തെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമായി സ്‌നേഹത്തില്‍ കഴിയണം. സാംസ്‌കാരിക പൈതൃകം വിറ്റ് അവന് ഒരു പാര്‍ട്ടിയുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. അതാണ് കേരളീയന്‍.
Next Story

RELATED STORIES

Share it