വികസനത്തിലും പരിസ്ഥിതിയിലും സംതുലിതാവസ്ഥ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണമെങ്കില്‍ വികസനത്തിന്റെയും പരിസ്ഥിതിയുടെയും കാര്യത്തില്‍ ഒരു സംതുലിതാവസ്ഥയുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയുടെ കഥ കഴിക്കുന്ന നില ഉണ്ടാവരുത്. പരിസ്ഥിതിയുടെ പേരില്‍ വികസനവും തടയരുത്. സമൂഹം അതിവേഗത്തില്‍ വികസിക്കുന്നതിനൊപ്പം ശുദ്ധജലവും ശുദ്ധവായുവും ഇല്ലാത്ത അവസ്ഥ മാനവരാശിയെ ഞെട്ടിക്കുന്നു. മറുവശത്ത് വികസനത്തിന്റെ പ്രശ്‌നങ്ങളുമുണ്ട്. പുതിയ സഹസ്രാബ്ദത്തിലാണ്, പുതിയ നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. പുതിയ തലമുറയ്ക്ക് അതിജീവിക്കാനും മല്‍സരിക്കാനും വികസനത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാവണം. വന്യജീവികളുടെ ആക്രമണങ്ങളില്‍ ഒരുപാടാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യനെ സംരക്ഷിക്കുന്നതിന് സംസ്ഥാനം പ്രാധാന്യം നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഖനനവുമായി ബന്ധപ്പെട്ട് ഒരുപാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. ഖനനം പൊതു ഉടമസ്ഥതയിലാവണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. പരിസ്ഥിതി സംരക്ഷണത്തിന് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍, നിയമങ്ങളെക്കാള്‍ ഫലപ്രദം ശക്തമായ പൊതുജന അവബോധം സൃഷ്ടിക്കുകയാണ്. നാം ജനകീയമായ ഇടപെടലുകളിലൂടെ പല കാര്യത്തിലും അവബോധം സൃഷ്ടിച്ച സംസ്ഥാനമാണ്. ഇക്കാര്യത്തിലും അതുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത കേരളത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പ്രകൃതിയെ കണക്കിലെടുക്കാതെയുള്ള ലാഭക്കൊതി മൂത്ത പ്രവൃത്തികളാണ് കാലാവസ്ഥാവ്യതിയാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വനം-വന്യജീവി വകുപ്പിന്റെ മാസിക 'അരണ്യ'ത്തിന്റെ പ്രത്യേക പതിപ്പ് മന്ത്രി കെ രാജു മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. കെ മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
Next Story

RELATED STORIES

Share it