വിഎസ് ശിവകുമാറിനെ അവഹേളിച്ചെന്ന പരാതി; ബിജു രമേശിനെതിരേ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിനെതിരേ ജില്ലാകലക്ടര്‍ ബിജു പ്രഭാകര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിക്കു ശുപാര്‍ശ ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി മന്ത്രി വി എസ് ശിവകുമാറിനെ വ്യക്തിപരമായി അവഹേളിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയതിനാണ് നടപടി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിജു രമേശ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയത്. ഇതുസംബന്ധിച്ച് വരണാധികാരി കൂടിയായ കലക്ടര്‍ ആവശ്യപ്പെട്ട വിശദീകരണത്തിന് ബിജു രമേശ് രേഖാമൂലം നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടര്‍നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം കൂടുതല്‍ വിശദീകരണങ്ങള്‍ കേട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കും. ഇത്തരം കേസുകളില്‍ ആറു വര്‍ഷംവരെ തിരഞ്ഞെടുപ്പില്‍നിന്നു വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച പതിവുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മന്ത്രി വി എസ് ശിവകുമാറിന്റെ വ്യക്തിജീവിതത്തെ അവഹേളിക്കുന്ന വിധത്തിലായിരുന്നു ബിജു രമേശിന്റെ പ്രസ്താവന. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ താന്‍ വീണ്ടും പറയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു ബിജു രമേശിന്റെ വാദം. എന്നാല്‍, കഴിഞ്ഞമാസം വന്ന മാധ്യമവാര്‍ത്തകളിലൊന്നുംതന്നെ വി എസ് ശിവകുമാറിന്റെ പേരോ, തിരിച്ചറിയുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളോ ഇല്ലെന്ന് കലക്ടര്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ അവഹേളിക്കാന്‍ വേണ്ടി തന്നെയാണ് അദ്ദേഹത്തിന്റെ പേരു പറഞ്ഞ് പ്രസ്താവന നല്‍കിയതെന്നാണ് കലക്ടറുടെ കണ്ടെത്തല്‍. എതിര്‍സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും മറ്റും പ്രസ്താവനകള്‍ നടത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സുപ്രിംകോടതിയുടെതന്നെ വിധിയുണ്ട്. ഇതനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.
Next Story

RELATED STORIES

Share it