വിഎസ് മല്‍സരിക്കണമെന്ന് യെച്ചൂരി; മാറിനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം: സിപിഎമ്മില്‍ ഭിന്നത

വിഎസ് മല്‍സരിക്കണമെന്ന് യെച്ചൂരി; മാറിനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം: സിപിഎമ്മില്‍ ഭിന്നത
X
cpm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ രണ്ടുതട്ടില്‍. വിഎസ് മല്‍സരിക്കണമെന്ന് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കി. എന്നാല്‍, വിഎസ് മല്‍സരിക്കാതെ പ്രചാരണത്തിനു നേതൃത്വം നല്‍കിയാല്‍ മതിയെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം.
ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നു വിഎസ് കൂടി പങ്കെടുക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും. വിഎസും പിണറായിയും ഒരുമിച്ച് മല്‍സരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പായി വി എസ് അച്യുതാനന്ദനെ യെച്ചൂരി എകെജി സെന്ററില്‍ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ വിഎസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും പ്രചാരണത്തിനു നേതൃത്വം നല്‍കണമെന്നും ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനഘടകം തീരുമാനമെടുക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ വാദം.സംസ്ഥാന നേതൃത്വത്തിന്റെ കൂടി അഭിപ്രായമാണ് താന്‍ പറയുന്നതെന്നായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍.
അതേസമയം, വിഎസ് മല്‍സരിക്കുന്നതിനെ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാനഘടകം അനുകൂലിച്ചില്ല. നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ വിഎസിന്റെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം മല്‍സരിക്കേണ്ടതുണ്ടെന്നും കേന്ദ്രനേതൃത്വം ആവര്‍ത്തിച്ചു. എന്നാല്‍, പ്രായാധിക്യം കാരണം വിഎസ് മല്‍സരിക്കേണ്ടെന്നാണ് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹവുമായി ബന്ധമുള്ള പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം.
വിഎസ് കൂടി രംഗത്തു വന്നാല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്നോട്ടുവയ്ക്കാതെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. എല്‍ഡിഎഫ് വിജയിച്ചാല്‍ സിപിഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കണം. സംസ്ഥാന കമ്മിറ്റിയില്‍ പിണറായിപക്ഷത്തിനാണ് ഭൂരിപക്ഷം. തിരഞ്ഞെടുപ്പില്‍ വിഎസ് മല്‍സരിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വിഎസും അവകാശവാദമുന്നയിക്കും. പ്രചാരണത്തിനു നേതൃത്വം നല്‍കാനും മല്‍സരിക്കാനും മുഖ്യമന്ത്രിയാവുന്നതിനും പ്രായം തടസ്സമല്ലെന്ന വാദമായിരിക്കും വിഎസ് ഉന്നയിക്കുക. അങ്ങനെ വന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ വിഎസിനായിരിക്കും. ഇതു പിണറായിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാന്‍ ഇടയാക്കും.
സീതാറാം യെച്ചൂരി, പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വൈകിയും തുടര്‍ന്നു. സമവായമുണ്ടാക്കി വിഎസിനെ മല്‍സരിപ്പിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.
Next Story

RELATED STORIES

Share it