വിഎസ്ഡിപി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: നാടാര്‍ സമുദായത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വൈകുണ്ഠസ്വാമി ധര്‍മപരിപാലന സംഘം (വിഎസ്ഡിപി) രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കുന്നു. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന നാടാര്‍ രക്ഷാമാര്‍ച്ചില്‍ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാവുമെന്ന് വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു.
ക്രിസ്ത്യന്‍ നാടാര്‍മാര്‍ക്ക് സംവരണം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനം. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം പിന്നീട് പ്രഖ്യാപിക്കും. നാടാര്‍ സമുദായം എല്ലാ മേഖലയിലും തഴയപ്പെടുകയാണ്. ദലിത് ക്രൈസ്തവര്‍ക്കും സംവരണം നിഷേധിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. നാടാര്‍ സമുദായത്തിന്റെ സംവരണത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മതപരിഗണനയില്ലാതെ ഏകീകൃത സംവരണം നല്‍കണമെന്നതാണ് സംഘടനയുടെ നിലപാട്. അതുമായി യോജിക്കുന്നവരുമായി കൂട്ടുകൂടും. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫുമായി സഹകരിക്കുന്നതാണ് ഗുണം ചെയ്യുക.
എന്നാല്‍, ഇതുസംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. നാടാര്‍ സമുദായത്തെ സംരക്ഷിക്കുന്നവരെ സഹായിക്കും. നാടാര്‍ സമുദായത്തെ വഞ്ചിച്ച എംഎല്‍എമാരായ എന്‍ ശക്തന്‍, ആര്‍ ശെല്‍വരാജ്, എ ടി ജോര്‍ജ് എന്നിവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് യുഡിഎഫിനോട് ആവശ്യപ്പെടും. നാടാര്‍ സംവരണപ്രശ്‌നത്തില്‍ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയ്ക്കാണ് എതിര്‍പ്പെന്ന് മന്ത്രി കെ സി ജോസഫും ചീഫ് സെക്രട്ടറി ജിജി തോംസണും മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ മല്‍സരരംഗത്തുണ്ടായാല്‍ തിരിച്ചടി നല്‍കും. നാടാര്‍ സമുദായത്തിലെ യുവാക്കള്‍ക്ക് സീറ്റ് നല്‍കണമെന്നാണ് തങ്ങളോട് സഹകരിക്കുന്ന മുന്നണികളോട് ആവശ്യപ്പെടുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയുടെ പേരും ഘടനയും നയവും വ്യക്തമാക്കും. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സമ്മര്‍ദ്ദതന്ത്രമല്ല പുതിയ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it