വിഎസും പിണറായിയും മല്‍സരിക്കണമെന്ന് പിബി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മല്‍സരിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ പൊതു അഭിപ്രായം. ഡല്‍ഹിക്ക് വെളിയിലുള്ള നേതാക്കളെ ഫോണില്‍ വിളിച്ച് അഭിപ്രായം ആരാഞ്ഞശേഷമാണ് ഇന്നലെ യോഗം ചേര്‍ന്നത്.
ചിലര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചെങ്കിലും രണ്ടുപേരും മല്‍സരിക്കട്ടെയെന്ന പൊതുതീരുമാനത്തോട് അവസാനം എല്ലാവരും യോജിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലെ പാര്‍ട്ടി സെന്ററില്‍ അഞ്ച് പിബി അംഗങ്ങള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുകയായിരുന്നു. പിബി തീരുമാനം ഇന്നു തുടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ യെച്ചൂരി അവതരിപ്പിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരു നേതൃത്വം നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചു തീരുമാനിക്കും. അതേസമയം, ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്നതു സംബന്ധിച്ച ചര്‍ച്ച ഫലപ്രഖ്യാപനത്തിനുശേഷം മതിയെന്ന് പിബി ധാരണയിലെത്തി. ലാവ്‌ലിന്‍ കേസില്‍നിന്നു രക്ഷപ്പെട്ട പിണറായിക്ക് മല്‍സരരംഗത്തിറങ്ങുന്നതിന് യാതൊരു തടസ്സവുമില്ല.
സിപിഎമ്മിന്റെ സംസ്ഥാനത്തെ എല്ലാ ഘടകങ്ങളിലും പിണറായിപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കുന്നതിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിലും എതിരഭിപ്രായം ഉയര്‍ന്നില്ല. എന്നാല്‍, വിഎസ് മല്‍സരിക്കേണ്ടതില്ലെന്നും പ്രചാരണം നയിച്ചാല്‍ മതിയെന്നുമുള്ള അഭിപ്രായമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍.
Next Story

RELATED STORIES

Share it