Editorial

വിഎസിന് പ്രത്യേക പദവി സര്‍ക്കാര്‍ ചെലവില്‍ വേണ്ട

കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അച്യുതാനന്ദന്റെ പ്രത്യേക പദവി സിപിഎം എന്ന വിപ്ലവപ്പാര്‍ട്ടിയെ ഈ ചൊല്ലില്‍പ്പറഞ്ഞ അവസ്ഥയിലാണ് എത്തിച്ചിട്ടുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ വി എസ് അച്യുതാനന്ദനെന്ന 'യഥാര്‍ഥ കമ്മ്യൂണിസ്റ്റിനെ' സിപിമ്മിന് മുഖ്യമന്ത്രിയാക്കാന്‍ വയ്യ. പാര്‍ലമെന്ററി വ്യാമോഹം തൊട്ടുതീണ്ടാന്‍പാടില്ലാത്ത, കേരളത്തിലെ കാസ്‌ട്രോ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ച സഖാവ് വിഎസ് അതില്‍ ഖിന്നനായിക്കൂടാത്തതാണ്. പക്ഷേ, വിഎസും വിഎസിന് ചുറ്റും കെട്ടിപ്പൊക്കപ്പെട്ട പരിവേഷവും ചേര്‍ന്ന് പാര്‍ട്ടിയെ കുഴമാന്തിരത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. സഖാവിന് തീര്‍ച്ചയായും ഒരു പകരം പദവി വേണം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്നതാണ് പത്തരമാറ്റ് വിപ്ലവക്കാരെ ഇപ്പോള്‍ അലട്ടുന്ന പ്രശ്‌നം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി നടത്തി 'കുള'മാക്കിയെന്നു പറയപ്പെടുന്ന ഭരണവ്യവസ്ഥ ശുദ്ധീകരിക്കുകയല്ല, പ്രഖ്യാപിച്ച വികസന അജണ്ടകള്‍ നടപ്പാക്കുകയല്ല, ഉദ്യോഗസ്ഥന്‍മാരെ നിലയ്ക്കുനിര്‍ത്തുകയല്ല, ക്രമസമാധാനം പരിപാലിക്കുകയല്ല- അച്യുതാനന്ദനെ എവിടെ കുടിയിരുത്തും എന്നതാണു പരമപ്രധാനം.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, അല്ലെങ്കില്‍ ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാത്തതാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎം തിരഞ്ഞെടുപ്പുയുദ്ധം നടത്തിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയില്ലെന്ന് അപ്പോഴേ പാര്‍ട്ടി നിശ്ചയിച്ചിരുന്നു. പക്ഷേ, വിഎസിനെ എന്തുചെയ്യും? ഒരു പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കം ഭരണസംവിധാനത്തെ തകിടംമറിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. നല്ലൊരു പദവികൊടുത്ത്, കാബിനറ്റ് റാങ്കില്‍ വിഎസിനെ പ്രതിഷ്ഠിച്ച് സിപിഎം പ്രശ്‌നം പരിഹരിക്കുമായിരിക്കും. അതു പൊതുജനങ്ങളുടെ ചെലവിലാവുന്നത് ജനങ്ങളെയും ജനാധിപത്യവ്യവസ്ഥയെയും അവഹേളിക്കലാണ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കത്തിന് ശമനം വരുത്തേണ്ടത് പൊതുഖജനാവിലെ പണമെടുത്ത് ചെലവഴിച്ച് കാബിനറ്റ് റാങ്കില്‍ ആരെയെങ്കിലും നിയമിച്ചുകൊണ്ടായിരിക്കരുത്. വിഎസിനെ ഒരിടത്ത് കുടിയിരുത്തിയേ തീരൂ എന്നുണ്ടെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍നിന്ന് പണമെടുത്ത് ആ പണി നടത്തട്ടെ. അതായിരിക്കും ഒരു ഇടതുപക്ഷ പുരോഗമനകക്ഷിക്കുണ്ടാവേണ്ട മിനിമം മര്യാദ.
സ്ഥാനമോഹികളായ നേതാക്കന്‍മാരെ അടക്കിയിരുത്താന്‍ കേരളത്തില്‍ മുമ്പും ഇത്തരം സൂത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട് എന്നത് നേരുതന്നെ. കാബിനറ്റ് പദവിയോടുകൂടിയ ചീഫ്‌വിപ്പ് പദവി സ്ഥാനം അങ്ങനെ ഉണ്ടായതാണ്. മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന് കാറും മറ്റു സൗകര്യങ്ങളും നല്‍കിയത് അങ്ങനെയാണ്. അതിനെയെല്ലാം അതതു കാലത്ത് വിമര്‍ശിച്ച ഇടതുപക്ഷം പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളൊഴിവാക്കാന്‍ ഇത്തരം കോപ്പിരാട്ടികള്‍ ആവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ അവര്‍ എങ്ങനെ ഇടതുപക്ഷമാവും?
Next Story

RELATED STORIES

Share it