wayanad local

വിഎസിന്റെ സന്ദര്‍ശനം ഇന്ന്

കല്‍പ്പറ്റ: വിലകൊടുത്തു വാങ്ങിയ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് പെരുവഴിയിലായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസയും ഭര്‍ത്താവ് ജെയിംസും രണ്ടു മക്കളും കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നൂറു ദിവസം പിന്നിട്ടു. ഇന്നു ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് വിഎസ് സമരപ്പന്തലിലെത്തി കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സന്ദര്‍ശിക്കും. വിഎസ് മുഖ്യമന്ത്രിയായപ്പോള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു.
പക്ഷേ, ഉദ്യോഗസ്ഥ ലോബി ഇത് അട്ടിമറിക്കുകയും വണ്‍ എര്‍ത്ത് വണ്‍ ലൈഫിന്റെ ഹരജിയെ തുടര്‍ന്ന് നടപടികള്‍ കോടതി സ്‌റ്റേ ചെയ്യുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് ജെയിംസിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവരം രേഖാമൂലം ജെയിംസിനെയും സമരസഹായസമിതിയെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ചര്‍ച്ച നടത്തുന്നതു പെരുമാറ്റച്ചട്ട ലംഘനമാവുമെന്നു ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച നടത്താമെന്നാണു മന്ത്രി ജയലക്ഷ്മി അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എത്രയും വേഗം ചര്‍ച്ച നടത്താന്‍ നടപടി സ്വീകരിക്കുമെന്നു പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി ജയലക്ഷ്മിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.
വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് നിഷ്‌കരുണം ഒരു കുടുംബത്തെ ആട്ടിപ്പായിച്ച ഭരണകൂട നടപടിക്കെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം ആരംഭിച്ച സമരത്തിന് വയനാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണയുണ്ട്. വിവിധ പാര്‍ട്ടികളും സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലക്ടറേറ്റ് മാര്‍ച്ചും വിവിധ സമരപരിപാടികളും നടത്തിയിരുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും ശേഷിയില്ലാത്ത നിര്‍ധന കുടുംബത്തിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് വയനാട് പ്രസ്‌ക്ലബ്ബും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയം സംബന്ധിച്ച് സംവാദം നടത്തിയിരുന്നു. സംവാദത്തില്‍ പങ്കെടുത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍, കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് സര്‍ക്കാര്‍ കാണിക്കുന്നതു നീതികേടാണെന്നാണ് അഭിപ്രായപ്പെട്ടത്. പിന്നീട് സംവാദത്തിന്റെയും ചുരുക്കവും വയനാട്ടിലെ പൊതുജനവികാരവും സൂചിപ്പിച്ച് വയനാട് പ്രസ്‌ക്ലബ്ബ് മന്ത്രി ജയലക്ഷ്മിക്കും ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാറിനും കത്ത് നല്‍കി. ഇതേത്തുടര്‍ന്നാണ് മന്ത്രി ജയലക്ഷ്മി ഇടപെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഈ ചര്‍ച്ചയിലേക്കായി മുഖ്യമന്ത്രി ജില്ലാ കലക്ടറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമായും നാലു ശുപാര്‍ശകളാണ് കലക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് അറിയുന്നു.
സാങ്കേതികമായ നൂലാമാലകള്‍ പരിഹരിച്ച് എത്രയും വേഗം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന് ഗൗരവമായ നടപടി ഉണ്ടാവാത്തപക്ഷം ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാടിന്റെ പൊതുവിഷയമായി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി സമരം ഉയര്‍ത്തിക്കാട്ടി യുഡിഎഫിനെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ സംഘടനകള്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് സൂചന.
Next Story

RELATED STORIES

Share it