വിഎസിന്റെ സംസ്ഥാനതല പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പര്യടനം ഇന്നലെ പൂര്‍ത്തിയായി. 14 ദിവസം മുമ്പ് കാസര്‍കോട്ടുനിന്ന് ആരംഭിച്ച പ്രചാരണമാണ് ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ സമാപിച്ചത്.

ടി എന്‍ സീമയും കെ മുരളീധരനും കുമ്മനം രാജശേഖരനും ഏറ്റുമുട്ടുന്ന വട്ടിയൂര്‍ക്കാവിലായിരുന്നു തലസ്ഥാന ജില്ലയിലെ ആദ്യപരിപാടി. എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി പൊട്ടക്കുഴിയില്‍ സംഘടിപ്പിച്ച പൊതുയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു.യുഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച വിഎസ് സംസ്ഥാനം അഴിമതിയില്‍ മുങ്ങിയെന്നു കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളത്തില്‍ അഴിമതികളുടെ അയ്യരുകളിയാണ്. കായലുകളായ കായലുകളെല്ലാം വില്‍ക്കുന്നു. പാറ്റൂര്‍, പാമൊലിന്‍, ബാര്‍, സോളാര്‍ എന്നിങ്ങനെ സര്‍വത്ര അഴിമതിയാണെന്നും വിഎസ് പറഞ്ഞു. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഭരിച്ചപ്പോള്‍ സംസ്ഥാനത്തു വിലക്കയറ്റമുണ്ടായിട്ടില്ല. ഗോള്‍വാള്‍ക്കര്‍ പഠിപ്പിച്ചപോലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയുമാണ് ആര്‍എസ്എസ് ശത്രുക്കളായി കാണുന്നത്. അതിനനുസരിച്ചാണ് നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്നത്. ഗുജറാത്തില്‍ മൂവായിരത്തോളം മുസ്‌ലിംകളെ ചുട്ടുകൊന്നത് മോദി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. കാടത്തം നിറഞ്ഞ നയസമീപനമാണ് മോദിയും കൂട്ടരും കാഴ്ചവയ്ക്കുന്നതെന്നും വിഎസ് പറഞ്ഞു.
വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി എന്‍ സീമ,— കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസാരിച്ചു. തുടര്‍ന്ന് നെടുമങ്ങാട്, നേമം, പാറശ്ശാല നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും വിഎസ് പങ്കെടുത്തു. ഇന്നുരാവിലെ, പെരുമ്പാവൂരില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ജിഷയുടെ വീട് സന്ദര്‍ശിച്ചശേഷം സ്വന്തം മണ്ഡലമായ മലമ്പുഴയിലേക്കു പോവുന്ന വിഎസ് ഇനിയുള്ള ദിവസങ്ങളില്‍ അവിടെ പ്രചാരണരംഗത്ത് കൂടുതല്‍ സജീവമാവും.
Next Story

RELATED STORIES

Share it