വിഎസിന്റെ മകനെതിരായ അഴിമതി ആരോപണം; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണങ്ങളില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കാണ് ഉത്തരവു നല്‍കിയത്. അരുണ്‍കുമാറിനെതിരായ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അരുണ്‍കുമാറിനെതിരേ 13 അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഈ അന്വേഷണം അട്ടിമറിച്ചെന്നും പരാതിക്കാരനായ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താതെയാണ് വിജിലന്‍സ് കഴിഞ്ഞ നാലുവര്‍ഷമായി അന്വേഷണം നടത്തുന്നതെന്നും പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
ഐഎച്ച്ആര്‍ഡിയില്‍ ജോലി ചെയ്തുവരവെ വി എ അരുണ്‍കുമാര്‍ പിഎച്ച്ഡി രജിസ്‌ട്രേഷനുവേണ്ടി വ്യാജരേഖ ചമച്ചുവെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്ന ആരോപണങ്ങളിലൊന്ന്. കെ പി പി നമ്പ്യാരോട് കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റെ മൊത്തം തുകയായ 1500 കോടി രൂപയുടെ അഞ്ചുശതമാനം (75 കോടി രൂപ) വി എ അരുണ്‍കുമാര്‍ ആവശ്യപ്പെട്ടെന്നാണ് മറ്റൊരു ആരോപണം. കയര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. 1999-2001 കാലഘട്ടത്തില്‍ കയര്‍ഫെഡ് മാനേജിങ് ഡയറക്ടറായിരുന്ന അരുണ്‍കുമാര്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ചേര്‍ത്തലയില്‍ കയര്‍ഫെഡിന് സംഭരണശാല നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അരുണ്‍കുമാറും കൂട്ടുപ്രതികളും ചേര്‍ന്ന് 40.77 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ കേസില്‍ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.
അഞ്ചുവര്‍ഷത്തെ വിദേശയാത്രകളുടെ വിശദാംശങ്ങളെക്കുറിച്ചും സ്വത്തുവിവരം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിലും കോഴിക്കോട് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിലും അംഗത്വമെടുക്കാനുള്ള അരുണ്‍കുമാറിന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മറയൂര്‍ ചന്ദനക്കേസില്‍ സിബിഐ അന്വേഷണം നടത്തി മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന റിപോര്‍ട്ടില്‍ സമയോചിതമായി തുടര്‍നടപടി സ്വീകരിക്കാത്തതും കുറ്റാരോപിതനായ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിട്ടയര്‍ ചെയ്യാന്‍ അവസരം നല്‍കിയതു സംബന്ധിച്ച ആരോപണവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേയാണ് വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള അവിഹിതബന്ധത്തെക്കുറിച്ചുള്ള ആരോപണവും വിജിലന്‍സ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it