വിഎസിന്റെ പരാതി തള്ളി; തമ്പാനൂര്‍ രവിക്കെതിരേ കേസെടുക്കില്ല

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച പരാതിയില്‍ പോലിസ് കേസെടുക്കില്ല. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണ് ഡിജിപി ടി പി സെന്‍കുമാറിനു പരാതി നല്‍കിയത്. ഈ പരാതിയിലാണ് കേസെടുക്കേണ്ടതില്ലെന്ന് സെന്‍കുമാര്‍ തീരുമാനിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി അസഫലിയില്‍ നിന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോടതിയിലേക്കു പോവുമ്പോഴല്ല അന്വേഷണ കമ്മീഷനില്‍ ഹാജരാവുന്നതിനു മുമ്പാണ് തമ്പാനൂര്‍ രവിയും സരിതയും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. സംഭാഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല. അതുകൊണ്ട് പരാതിയില്‍ കഴമ്പില്ലെന്നാണ് നിയമോപദേശം.
സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവുന്നതിനു മുമ്പ് തമ്പാനൂര്‍ രവി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഎസ് പരാതി നല്‍കിയത്. സോളാര്‍ കേസില്‍ മൊഴി മാറ്റിപ്പറയാന്‍ തമ്പാനൂര്‍ രവി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വിഎസിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ശബ്ദരേഖയില്‍ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്നാണ് പോലിസിന് നിയമോപദേശം ലഭിച്ചത്. തമ്പാനൂര്‍ രവിക്കെതിരേ കേസെടുക്കില്ലെന്ന് പോലിസ് മേധാവി ടി പി സെന്‍കുമാര്‍ വിഎസിനെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it