വിഎസിന്റെ പദവി: മന്ത്രിസഭയിലും തീരുമാനമായില്ല

തിരുവനന്തപുരം: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. കാബിനറ്റ് റാങ്കുള്ള പദവിയാണ് വിഎസിനു വേണ്ടി ആലോചിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പദവിയില്‍ അന്തിമതീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അന്തിമതീരുമാനം എല്‍ഡിഎഫിനു വിടാനും ധാരണയായി.
ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രധാന അജണ്ട വിഎസിന്റെ പദവിയായിരുന്നു. സെക്രട്ടേറിയറ്റ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താനായില്ല. വിഎസിന് പദവി നല്‍കണമെന്ന് പിബി നിര്‍ദേശമുള്ളതിനാല്‍ സെക്രട്ടേറിയറ്റില്‍ എതിരഭിപ്രായമുണ്ടായില്ല. എന്നാല്‍, ഏതുതരത്തിലാവണം വിഎസിന്റെ പദവി ക്രമീകരിക്കുക എന്നതില്‍ ആശയക്കുഴപ്പമുണ്ടായി. ഇതേത്തുടര്‍ന്നാണ് തീരുമാനം മന്ത്രിസഭായോഗത്തിനു വിട്ടത്. മന്ത്രിസഭാ യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അതേസമയം വിഷയം മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം മതിയെന്ന തീരുമാനത്തില്‍ മന്ത്രിമാര്‍ ഉറച്ചുനിന്നു.
മുഖ്യമന്ത്രി പിണറായി വിജയന് റിപോര്‍ട്ട് ചെയ്യേണ്ടതില്ലാത്തതും എന്നാല്‍, കാബിനറ്റ് പദവിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമായ പദവിയാണ് വിഎസിനു നല്‍കുക. സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ ഇടപെടാനും പിണറായിയെ തിരുത്താനും ഇടനല്‍കാത്ത വിധം പഴുതുകള്‍ അടച്ചുള്ള പദവി നല്‍കി ചടങ്ങ് തീര്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും.
Next Story

RELATED STORIES

Share it