വിഎസിന്റെ പദവി പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തില്ല; കോണ്‍ഗ്രസ് സഖ്യം സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം ഇന്നുതുടങ്ങുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യും.
ബംഗാള്‍ ഘടകം സമര്‍പ്പിച്ച റിപോര്‍ട്ടിനെ അധികരിച്ചാവും ചര്‍ച്ച. സഖ്യത്തിലൂടെ പ്രത്യയശാസ്ത്രപരമായ വ്യതിചലനമൊന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട് ഇന്നലെ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ ബംഗാള്‍ ഘടകം സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ട് കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യും. സഖ്യവുമായി ബന്ധപ്പെട്ട് കേന്ദ്രക്കമ്മിറ്റി നേരത്തെയെടുത്ത തീരുമാനത്തെ ലംഘിക്കുന്ന വിധമാണ് തിരഞ്ഞെടുപ്പ് വേളയില്‍ ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിട്ടുള്ള പരസ്യമായ സഖ്യം കേന്ദ്രക്കമ്മിറ്റി തീരുമാനത്തെ തള്ളിപ്പറയുന്നതാണെന്നുമായിരുന്നു പിബിയുടെ വിലയിരുത്തല്‍.
എന്നാല്‍, കേന്ദ്രക്കമ്മിറ്റി തീരുമാനം പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നു വിലയിരുത്തുന്ന ബംഗാള്‍ ഘടകത്തിന്റെ റിപോര്‍ട്ടില്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിലെ പൊതു നിലപാടിന് അനുസൃതമായ സഖ്യസാധ്യത മാത്രമാണ് ബംഗാളില്‍ പരീക്ഷിച്ചതെന്നും അത് വിജയകരമായിരുന്നെന്നുമാണു പറയുന്നത്. ഇതിനാല്‍ കേന്ദ്രക്കമ്മിറ്റിയില്‍ ഭൂരിപക്ഷവും ബംഗാള്‍ ഘടകത്തിന്റെ റിപോര്‍ട്ട് തള്ളാനാണു സാധ്യത. ബംഗാള്‍ ഘടകത്തിനൊപ്പം നില്‍ക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കേന്ദ്രക്കമ്മിറ്റിയില്‍ ഇതേവരെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല. യെച്ചൂരിയെയും ബംഗാള്‍ ഘടകത്തെയും എന്നും അനുകൂലിക്കാറുള്ള വി എസ് അച്യുതാനന്ദനും ഇന്ന് കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
ഇന്നലെ നടന്ന പിബിയില്‍ വിഎസിന്റെ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നില്ലെന്നാണു സൂചന. ഈ സാഹചര്യത്തില്‍ വിഎസിനോട് അടുപ്പമുള്ളവര്‍ കേന്ദ്രക്കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. വിഎസിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാവണമെന്ന പക്ഷക്കാരനാണ് യെച്ചൂരിയെങ്കിലും പിബിയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കടുംപിടുത്ത നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിനു സാധ്യമല്ല. സംസ്ഥാനത്ത് നല്ല ഭരണതുടക്കം സാധ്യമായെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനു പൊതുവെയുള്ളത്. ഈ സാഹചര്യത്തില്‍ പദവിയെച്ചൊല്ലി കടുത്ത നിലപാടു സ്വീകരിച്ച് അസ്വാരസ്യമുണ്ടാക്കിയെന്ന ദുഷ്‌പേര് കേള്‍ക്കാനും യെച്ചൂരി തയ്യാറല്ല. ഇന്നലെ ഡല്‍ഹിയില്‍ പദവിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കാന്‍ വിഎസ് തയ്യാറായില്ല. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അവലോകനം സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ നടക്കുമെന്നും അതിനുശേഷം ആവശ്യമെങ്കില്‍ പ്രതികരിക്കാമെന്നുമാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it