വിഎസിന്റെ പദവി പാര്‍ട്ടി തീരുമാനിക്കും: കോടിയേരി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഎസ് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണെന്നും അദ്ദേഹത്തെച്ചൊല്ലി ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫിന്റെ നിലനില്‍പ് അപകടത്തിലാണ്. ഇന്നത്തെ രൂപത്തില്‍ യുഡിഎഫ് തുടരാന്‍ പോവുന്നില്ല. എല്‍ഡിഎഫ് വിട്ട ആര്‍എസ്പിക്കും ജനതാദള്‍ യുനൈറ്റഡിനും നിയമസഭാ പ്രാതിനിധ്യം തന്നെ ഇല്ലാതായി. രാഷ്ട്രീയ പാപ്പരത്തത്തിനുള്ള തിരിച്ചടിയാണ് അവര്‍ക്കു കിട്ടിയത്. കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ലഭിച്ചത് 38.45 ശതമാനം വോട്ടായിരുന്നു. ഇക്കുറി 38.81 ശതമാനം വോട്ടാണു ലഭിച്ചത്. ഇതിനു മുമ്പുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് 40 ശതമാനത്തിലധികം വോട്ട് കിട്ടിയിരുന്നു.
എല്‍ഡിഎഫിന് ഇക്കുറി ഒമ്പതുലക്ഷത്തിലധികം വോട്ട് കൂടുതലായി ലഭിച്ചു. മുന്‍കാലങ്ങളില്‍ ഒരുലക്ഷം, ഒന്നരലക്ഷം വോട്ടുകളുടെ വ്യത്യാസമാണുണ്ടായിരുന്നത്.
കേരളത്തില്‍ ആര്‍എസ്എസ് വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. കേന്ദ്രഭരണം ഉപയോഗിച്ച് സമുദായസംഘടനകളെ കൂടെ നിര്‍ത്തുന്നതിനാണു ശ്രമം. ഇതിന് വെള്ളാപ്പള്ളി നടേശന്റെ പിന്തുണയുമുണ്ട്. ബിഡിജെഎസിന് 3.7 ശതമാനം വോട്ട് മാത്രമേ കിട്ടിയുള്ളൂ. എന്നാല്‍, ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിച്ചു. ആര്‍എസ്എസിന്റെ ഭീഷണി നേരിടാന്‍ യുഡിഎഫിനു കഴിയില്ല. ബിജെപിയെ ഒറ്റപ്പെടുത്താന്‍ വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ പ്രവര്‍ത്തനം നടത്തണം. ചില ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടി കണ്ടില്ലെന്നു നടിക്കുന്നില്ല. ചില മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോവാന്‍ കഴിഞ്ഞിട്ടില്ല. വിജയിക്കേണ്ടിയിരുന്ന മണ്ഡലങ്ങളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കും.
അഞ്ജു ബോബിജോര്‍ജ് കേരളത്തിന്റെ അഭിമാനമാണ്. ആരെയും ഓടിക്കുന്ന സമീപനം പാര്‍ട്ടിക്കില്ല. ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കും. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Next Story

RELATED STORIES

Share it