വിഎസിന്റെ നിഷേധം: യെച്ചൂരി വെട്ടിലായി

ന്യൂഡല്‍ഹി: പദവി ആവശ്യപ്പെട്ട് താന്‍ കുറിപ്പു കൈമാറിയിട്ടില്ലെന്ന് വിഎസിന്റെ നിഷേധം വെട്ടിലാക്കിയത് സീതാറാം യെച്ചൂരിയെ. ആവശ്യങ്ങള്‍ ഉന്നയിച്ച് വിഎസ് തനിക്ക് കുറിപ്പു കൈമാറുകയായിരുന്നുവെന്ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു പിറ്റേന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ യെച്ചൂരി ഇന്നലെ ഇതുസംബന്ധിച്ച ചോദ്യങ്ങളോടു കാര്യമായി പ്രതികരിച്ചില്ല. സംഭവിച്ചതു സംഭവിച്ചു, ഇനി കൂടുതല്‍ പ്രതികരണത്തിനില്ലെന്നു പറഞ്ഞ് അദ്ദേഹം ഇന്നലെ ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തിരുവനന്തപുരത്തുവച്ചാണ് വിഎസ് യെച്ചൂരിക്ക് കുറിപ്പു കൈമാറിയത്. എന്നാല്‍, കുറിപ്പിലെ ഉള്ളടക്കം വ്യക്തമാക്കാന്‍ വിഎസ് തയ്യാറായിരുന്നില്ല. അതേസമയം കുറിപ്പു കൈമാറിയത് വാര്‍ത്തയായതോടെ പിറ്റേന്ന് ഡല്‍ഹിയിലെത്തിയ യെച്ചൂരി മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ വിശദീകരണം നല്‍കി. പദവി ആവശ്യപ്പെട്ടുള്ള കുറിപ്പാണ് വിഎസ് നല്‍കിയതെന്നും ഇത് പോളിറ്റ്ബ്യൂറോ ചര്‍ച്ചചെയ്യുമെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. കുറിപ്പ് കീശയില്‍നിന്ന് എടുത്ത് കാണിക്കുകയും ചെയ്തു. എന്നിട്ടും പ്രതികരിക്കാതിരുന്ന വിഎസ് നാലഞ്ചു ദിവസത്തിനു ശേഷമാണ് കുറിപ്പിലെ ഉള്ളടക്കം നിഷേധിച്ചത്.
കുറിപ്പ് വിഎസ് വായിക്കുന്ന ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ താന്‍ വിഎസിന് കുറിപ്പു കൈമാറിയെന്ന തോന്നുലുണ്ടാവാതിരിക്കാനാണ് പിറ്റേന്നുതന്നെ യെച്ചുരി വിശദീകരണം നല്‍കി തടിയൂരിയത്. കാമറകള്‍ക്കു മുമ്പിലായിരുന്നില്ല യെച്ചൂരിയുടെ പ്രതികരണം. പദവി ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഉടന്‍ കൈകൊള്ളാനുള്ള സമ്മര്‍ദ്ദവും ഈ സാഹചര്യത്തിലുണ്ട്. ഇതിനാല്‍ വിഎസിന്റെ പ്രസ്താവനയോട് പരസ്യ പ്രതികരണത്തിനു മുതിരേണ്ടതില്ലെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it