വിഎസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറ്റിങ്ങലില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രചാരണപ്രവര്‍ത്തനങ്ങളുടെ തുടക്കം.
ഈ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് വിഎസായിരിക്കും. സിപിഎം സ്ഥാനാര്‍ഥികളായ നാല് അഭിഭാഷകര്‍ക്ക് കെട്ടിവയ്ക്കാനുള്ള പണം ശേഖരിച്ചത് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനാണ്. ഈ പണം ആറ്റിങ്ങലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിഎസ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി. വര്‍ക്കലയിലെ അഡ്വ. വി ജോയി, കാട്ടാക്കടയിലെ അഡ്വ. ഐ ബി സതീശ്, ആറ്റിങ്ങലിലെ അഡ്വ. ബി സത്യന്‍, വാമനപുരത്തെ അഡ്വ. ഡി കെ മുരളി എന്നിവര്‍ക്കായിരുന്നു സ്വീകരണം. ചടങ്ങിനുശേഷം പുറത്തേക്കിറങ്ങിയ വിഎസ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ അടുത്ത പ്രചാരണകേന്ദ്രത്തിലേക്ക് നീങ്ങി. സ്ഥാനാര്‍ഥിത്വം നിശ്ചയിച്ച ശേഷം മലമ്പുഴയിലെത്തിയ വിഎസ് പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരുന്നില്ല.
ഇന്നലെ തിരുവനന്തപുരത്തും ആലപ്പുഴയിലും അരൂരുമായിരുന്നു പ്രചാരണ പരിപാടികള്‍. ആലപ്പുഴയില്‍ ഡോ. ടി എം തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും വിഎസ് ഉദ്ഘാടനം ചെയ്തു.
അതേസമയം, മുതിര്‍ന്ന നേതാവായ ജി സുധാകരന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് വിഎസ് പിന്‍മാറി. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിന് വിഎസ്സിനെ പാര്‍ട്ടി നേതൃത്വം സമീപിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഈമാസം ഏഴിന് കോടിയേരി ബാലകൃഷ്ണനാണ് അമ്പലപ്പുഴയില്‍ സുധാകരന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വ്യക്തമാക്കുന്നതാണ് വിഎസിന്റെ നിലപാട്. വൈകീട്ട് അഞ്ചിന് അരൂരില്‍ എ എം ആരിഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെയും ഉദ്ഘാടകന്‍ വിഎസായിരുന്നു. ഇന്ന് തൃശൂരില്‍ കലാഭവന്‍ മണിയുടെ വീട് സന്ദര്‍ശിക്കും. നാളെ രാവിലെ മലമ്പുഴയില്‍ സ്വന്തം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിഎസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് പാലക്കാട് മണ്ഡലത്തില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ കണ്‍വന്‍ഷനിലും പങ്കെടുക്കും. തിരികെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ആറിന് കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപളളി സുരേന്ദ്രന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് കുട്ടനാട് മണ്ഡലത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനുശേഷം എട്ടുമുതല്‍ 10വരെ മലമ്പുഴ മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് കണ്‍വന്‍ഷനിലും പങ്കെടുക്കും.
Next Story

RELATED STORIES

Share it