വിഎസിന്റെ ഉപദേശം തേടി പിണറായി കന്റോണ്‍മെന്റ് ഹൗസില്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ഉപദേശം തേടി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിയായി പാര്‍ട്ടി തീരുമാനിച്ച ശേഷം വിഎസിനെ കാണാനായിരുന്നു പിണറായി ആദ്യം പോയത്. ഇന്നലെ രാവിലെ 9.30ഓടെ കന്റോണ്‍മെന്റ് ഹൗസിലെത്തി. യാതൊരു അറിയിപ്പും നല്‍കാതെ അപ്രതീക്ഷിത സന്ദര്‍ശനം. എന്തെല്ലാം കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടതെന്നു പിണറായി ചോദിച്ചപ്പോള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നും വിഎസ് മറുപടിനല്‍കി. ഞങ്ങള്‍ക്കിടയില്‍ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ച വ്യക്തിയാണ് വിഎസ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുഭവപരിചയമുള്ള നേതാവാണ് അദ്ദേഹം. വിഎസില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കാനാണ് എത്തിയതെന്നു പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫ് തീരുമാനിച്ചാലേ സിപിഎമ്മിന്റെ മന്ത്രിമാരെക്കുറിച്ച് പറയാന്‍ സാധിക്കൂ. പുതുമുഖങ്ങള്‍ ഉണ്ടാവുമോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പിണറായി വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചശേഷമാണു നിയുക്ത മുഖ്യമന്ത്രി മടങ്ങിയത്. തുടര്‍ന്ന് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിനുശേഷം ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വസതിയിലേക്ക്.
ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്നു പറഞ്ഞ പിണറായി കാവല്‍ മുഖ്യമന്ത്രിയോട് ഉപദേശങ്ങള്‍ തേടി. മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it