വിഎസിന്റെ ഉപദേശം: അഭിപ്രായങ്ങള്‍ സൂക്ഷിച്ചുപറയണം

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ഉപദേശിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഎസിന് പാര്‍ട്ടിവിരുദ്ധ മനോഭാവമെന്ന പ്രമേയം നിലനില്‍ക്കുന്നതാണെന്ന അഭിപ്രായം പിണറായി ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരേയാണ് വിഎസ് രംഗത്തെത്തിയത്. കാളപെറ്റതും കയറെടുത്തതും എന്ന തലക്കെട്ടില്‍ നല്‍കിയ പോസ്റ്റില്‍ സൂക്ഷിച്ച് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് നേതാക്കള്‍ വളരെ സൂക്ഷിച്ചുവേണം അഭിപ്രായം പറയാന്‍. നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിതെന്നും വിഎസ് ഓര്‍മപ്പെടുത്തുന്നു.  തന്നെക്കുറിച്ച് പിണറായി വിജയന്‍ മോശം പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ കാണാനിടയായി. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും വിജയന്‍ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ, വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണു കാണുന്നത്. അതിനാല്‍ വിവാദങ്ങള്‍ മാറ്റിവച്ച് നമുക്ക് യഥാര്‍ഥ പ്രശ്‌നത്തിലേക്കു കടക്കാം. സെക്രട്ടേറിയറ്റിന്റെ ആധാരംപോലും പണയപ്പെടുത്തി പണംതട്ടുന്ന ഒരുകൂട്ടം ഭരണാധികാരികളാണ് അഴിഞ്ഞാടുന്നത്. ഇവരെ പുറത്താക്കി ജനപക്ഷസര്‍ക്കാരിനെ അവരോധിക്കുകയാണ് എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ രാഷ്ട്രീയകടമ. ഈ ദൗത്യം ഒറ്റമനസ്സോടെയാണ് താനും പിണറായി വിജയനും അടക്കമുള്ള നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനാല്‍, തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന വാക്കുകള്‍ എല്‍ഡിഎഫ് നേതാക്കളില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി അച്യുതാനന്ദന്‍ രംഗത്തെത്തി. ആര്‍ക്കും ഒരുപദേശവും നല്‍കിയിട്ടില്ലെന്നും താനുള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പുകാലത്ത് പാലിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണു ചെയ്തതെന്നും വിഎസ് അടുത്ത പോസ്റ്റില്‍ വ്യക്തമാക്കി. വിഎസിനെ  താന്‍ പാര്‍ട്ടിവിരുദ്ധനെന്നു വിളിച്ചെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു. ചില മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യംവച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it