വിഎസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം: അന്തിമതീരുമാനം പിബിയില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടാവും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സംസ്ഥാനഘടകത്തില്‍ ആശയക്കുഴപ്പം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിബിക്ക് വിട്ടത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി 11,12 തിയ്യതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 13ന് സംസ്ഥാന സമിതിയും ചേരുന്നുണ്ട്. അതുകൊണ്ടുതന്നെ വിഷയത്തില്‍ ഈ മാസം 10ന് മുമ്പ് തീരുമാനമെടുത്ത് പിബി വിഎസ് അച്യുതാനന്ദനെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും അറിയിക്കും.
സമ്പൂര്‍ണ പിബി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്താന്‍ സാധിച്ചില്ലെങ്കില്‍ അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം അവയ്‌ലബിള്‍ പിബി ചേര്‍ന്ന് അന്തിമതീരുമാനമെടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. പിബിയുടെ നിര്‍ദേശം അച്യുതാനന്ദന്‍ തള്ളില്ലെന്നാണു പ്രതീക്ഷിക്കുന്നത്. 13ന് ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷമാവും സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കുക. കഴിഞ്ഞദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനു വിധേയമായി നിലപാട് സ്വീകരിക്കാമെന്ന ഉറപ്പ് അച്യുതാനന്ദന്‍ നല്‍കിയതായാണ് വിവരം.
വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കഴിഞ്ഞതവണയുണ്ടായ ആശയക്കുഴപ്പം ആവര്‍ത്തിക്കരുതെന്ന് യെച്ചൂരി സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി യെച്ചൂരി ആശയവിനിമയം നടത്തിയപ്പോഴാണ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സ്ഥാനാര്‍ഥിത്വം പിബിയില്‍ പരിഗണിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
വ്യക്തി പ്രഭാവമുള്ളവരും ജയിക്കാന്‍ സാധ്യതയുള്ളവരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. രണ്ടുതവണ മല്‍സരിച്ചവരെ ഒഴിവാക്കണം. ഇതുസംബന്ധിച്ച് ഇളവ് നല്‍കുന്നതിനുള്ള വിവേചനാധികാരം സംസ്ഥാന സമിതിക്കായിരിക്കും. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം തുടര്‍ച്ചയായി മല്‍സരിക്കുന്നതിനു തടസ്സമാവുന്ന നിബന്ധന ഒഴിവാക്കാന്‍ തീരുമാനിച്ചു.
ആരോഗ്യപരമായ കാരണങ്ങളാല്‍ ആരെങ്കിലും പിന്‍മാറാന്‍ തയ്യാറായാല്‍ ജില്ലാ കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. യുവനേതാക്കളെയായിരിക്കും ഇങ്ങനെ ഒഴിവുവരുന്ന മണ്ഡലങ്ങളില്‍ പ്രധാനമായും പരിഗണിക്കുക. എല്ലാ ജില്ലകളിലും വനിതാ സ്ഥാനാര്‍ഥികളുണ്ടാവണമെന്നും ധാരണയുണ്ട്.
സംസ്ഥാന സമിതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ഇക്കാര്യത്തിലും തീരുമാനമെടുക്കാം. നേതാക്കളുടെ ജയസാധ്യത പരിഗണിച്ചു മണ്ഡലം മാറുന്നതിനുള്ള അനുമതിയും നല്‍കും. ഇതിന്റെയും അന്തിമതീരുമാനം ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും.
Next Story

RELATED STORIES

Share it