വിഎസിനെ മുഖ്യമന്ത്രിയാക്കാഞ്ഞത് പ്രായാധിക്യത്താല്‍: കാരാട്ട്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പാര്‍ട്ടി പരിഗണിക്കാഞ്ഞതിനു കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിഎസിന്റെ പദവിയെ സംബന്ധിച്ച് പാര്‍ട്ടി നേരത്തേ തീരുമാനമെടുത്തിട്ടുണ്ട്. ഇനി അതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍നിന്നു നയിച്ച നേതാവാണല്ലോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പു പ്രചാരണവും ഭരണവും രണ്ടാണെന്ന് കാരാട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായം ഒരു ഘടകമാണെന്നും തനിക്ക് തന്നെ 10 വര്‍ഷം മുമ്പ് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാ ന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ന്യൂക്ലിയര്‍ സപ്ലൈയ്‌സ് ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇന്ത്യക്ക് അംഗത്വം ലഭിക്കാത്തതില്‍ അദ്ഭുതമില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ നേരത്തേ തന്നെ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നതാണ്. ഈ സാഹചര്യത്തില്‍ എന്‍എസ്ജി അംഗത്വമെന്ന ആവശ്യത്തിനു തന്നെ പ്രസക്തിയില്ല. ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെ ചൈന മാത്രമല്ല എതിര്‍ത്തത്. ബ്രിക്‌സ് രാജ്യങ്ങളില്‍ മൂന്നു രാജ്യങ്ങള്‍ കൂടാതെ 10 രാജ്യങ്ങള്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തു. ഇത് നയതന്ത്ര തലത്തില്‍ രാജ്യത്തിനുണ്ടായ തിരിച്ചടിയാണ്.
പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതു രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ആപത്താണ്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ ജൂലൈ 17ന് ദേശീയതലത്തില്‍ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങള്‍ പ്രകാശ് കാരാട്ട് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാവും പദവികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
Next Story

RELATED STORIES

Share it