വിഎസിനെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നു: പിണറായി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരേയുള്ള പാര്‍ട്ടി പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. പാര്‍ട്ടിയാണു വിഎസിനെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടി നിലപാട് വേറെ, അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം വേറെ. സിപിഎമ്മിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ അടുത്തമാസം 19നു ശേഷമേ തീരുമാനമുണ്ടാവൂ.
മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ളവര്‍ ഏറെയാണെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പിണറായി പറഞ്ഞു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി ഒരുതരത്തിലുമുള്ള ഐക്യത്തിലും സിപിഎം ഏര്‍പ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടെന്നുള്ളതു പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ്.
മദ്യനയത്തില്‍ ഇടതുമുന്നണിക്ക് കാപട്യമില്ല. വോട്ടുകള്‍ നേടാന്‍ വേണ്ടി നയത്തില്‍ മാറ്റംവരുത്താനാവില്ല. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അതാതു വര്‍ഷത്തേക്കുള്ള മദ്യനയമാവും പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്കും വിഎസിനും ഇടയില്‍ ഭിന്നതയില്ലെന്നും അതിനു വിഘാതമുണ്ടാക്കാമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടതില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ വിഎസിനെ പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിച്ചെന്ന വാര്‍ത്തകളോടായിരുന്നു പിണറായിയുടെ പോസ്റ്റ്.
ചില മാധ്യമസുഹൃത്തുക്കള്‍ അവരുടേതായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നത ഇല്ലാത്തതില്‍ കടുത്ത നിരാശയാണവര്‍ക്ക്. യോജിച്ച പ്രവര്‍ത്തനമാണു തങ്ങള്‍ നടത്തുന്നത്. ഇത്തരം നിരവധി വ്യാജവാര്‍ത്തകള്‍ വന്ന അനുഭവമുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it