വിഎസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ജിഷയുടെ മാതാവ്

പെരുമ്പാവൂര്‍: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെയും ചലച്ചിത്ര താരം ജയറാമിന്റെയും മുന്നില്‍ അലമുറയിട്ട് ജിഷയുടെ മാതാവ് രാജേശ്വരി. ഇന്നലെ രാവിലെ 9.30ഓടെയാണ് വി എസ് അച്യുതാനന്ദന്‍ ജിഷയുടെ മാതാവ് രാജേശ്വരിയെ കാണാന്‍ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. വിഎസിനെ കണ്ടപാടെ രാജേശ്വരി അലറിക്കരഞ്ഞു. തന്റെ മകളുടെ കൊലപാതകിയെ കണ്ടെത്തണമെന്നു പറഞ്ഞ രാജേശ്വരി തങ്ങള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടുന്നില്ലെന്നു പറഞ്ഞാണ് വിഎസിനു മുന്നില്‍ പൊട്ടിക്കരഞ്ഞത്. താന്‍ നിരവധി തവണ തന്റെ മകളുടെ ആവശ്യവുമായി എംഎല്‍എയെ സന്ദര്‍ശിച്ചപ്പോഴും തനിക്കു വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയില്ലെന്ന് ജിഷയുടെ മാതാവ് വിഎസിനു മുന്നില്‍ തുറന്നടിച്ചു.

തന്റെ മകള്‍ സുരക്ഷിതയല്ലെന്നും പെന്‍കാമറ എപ്പോഴും ദേഹത്തുവച്ചാണ് മകള്‍ ജീവിക്കുന്നതെന്നും പറഞ്ഞ് പലതവണ എംഎല്‍എയോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും രാജേശ്വരി പറഞ്ഞു. തുടര്‍ന്ന് രാജേശ്വരിയെ ആശ്വസിപ്പിച്ച് വിഎസ് മടങ്ങിയതിനു പിന്നാലെയാണ് പെരുമ്പാവൂര്‍ സ്വദേശികൂടിയായ നടന്‍ ജയറാം രാജേശ്വരിയെ സന്ദര്‍ശിക്കാന്‍ എത്തിയത്. ജയറാമിനെ കെട്ടിപ്പിടിച്ച രാജേശ്വരി തന്റെ മകള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അങ്ങ് സമ്മാനം നല്‍കിയത് ഓര്‍മയുണ്ടോയെന്നു ചോദിച്ചായിരുന്നു പൊട്ടിക്കരഞ്ഞത്. ഇതോടെ ജയറാമിന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പി.
പിന്നീട് പുറത്തിറങ്ങിയ ജയറാം ജിഷയുടെ മരണത്തിനുത്തരവാദികള്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജിഷയുടെ മാതാവിനെ മാനസിക രോഗിയാക്കാനുള്ള ശ്രമം ശരിയല്ല. ജിഷയുടെ കൊലപാതകിയെയും മാനസിക രോഗിയാക്കി വെറുതെവിടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ജയറാം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it