വിഎച്ച്എസ്‌സിയില്‍ ഇനി ടൈപ്പ്‌റൈറ്ററില്ല

ബദിയടുക്ക: പഴയകാല ഓഫിസുകളുടെ താളമായിരുന്ന ടൈപ്പ്‌റൈറ്ററുകള്‍ ഓഫിസുകളില്‍ നിന്ന് നേരത്തെ വിടപറഞ്ഞിട്ടും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവകുപ്പ് കൈവിടാതെ സംരക്ഷിച്ച ടൈപ്പ്‌റൈറ്റര്‍ ഇനി കാലയവനികയ്ക്കു പിന്നിലേക്ക്. കാലത്തിനനുസരിച്ച് കോലംമാറാന്‍ വിഎച്ച്എസ്‌സിയും തയ്യാറായതോടെയാണ് ടൈപ്പ്‌റൈറ്റര്‍ അപ്രത്യക്ഷമാവുന്നത്.
ആധുനിക തൊഴിലധിഷ്ഠിത കോഴ്‌സുകളായി ഈ വര്‍ഷം മുതല്‍ വിഎച്ച്എസ്‌സി മാറിയതോടെ ടൈപ്പ്‌റൈറ്റര്‍ യുഗം അവസാനിക്കുന്നു. 2015-16 അധ്യയന വര്‍ഷത്തെ പരീക്ഷയോടെ മുള്ളേരിയ സ്‌കൂളിന്റെ 27 വര്‍ഷത്തെ ടൈപ്പിങ് താളം നിലയ്ക്കുകയാണ്. ഇപ്പോഴുള്ള രണ്ടാംവര്‍ഷ കുട്ടികളായിരുന്നു ടൈപ്പ്‌റൈറ്റര്‍ പരീക്ഷ അവസാനമായി എഴുതിയത്.
ടൈപ്പ് പഠിക്കുക എന്നത് പഴയ തലമുറയുടെ വലിയ ആവേശമായിരുന്നു. കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തോടെ ടൈപ്പ്‌റൈറ്റര്‍ യുഗം ഏതാണ്ട് അസ്തമിച്ചു. അപ്പോഴും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവകുപ്പ് ടൈപ്പ്‌റൈറ്ററിനെ കൈവിട്ടില്ല. കേരളത്തിലെ വിഎച്ച്എസ്‌സി കൊമേഴ്‌സ് കോഴ്‌സിനോടൊപ്പം പ്രാക്ടിക്ക ല്‍ വിഷയമായി ടൈപ്പ്‌റൈറ്റര്‍ പ ഠിപ്പിച്ചു. ടൈപ്പ് പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ മിക്കതും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പൂട്ടിയിട്ടും കോഴ്‌സ് പരിഷ്‌കരിക്കാത്തതിനാല്‍ വിഎച്ച്എസ്‌സിയില്‍ ഒഴിവാക്കിയിരുന്നില്ല. 1986ല്‍ തുടങ്ങിയ അതേ തൊഴിലധിഷ്ഠിത കോഴ്‌സ് തന്നെ പഠിപ്പിക്കുന്നു എന്ന പരാതി ഉയരാന്‍ തുടങ്ങിയതോടെ വിഎച്ച്എസ്‌സി കോഴ്‌സിന്റെ നിലനില്‍പു തന്നെ അപകടത്തിലായി. പരിഷ്‌കരണം നടപ്പാക്കിയതോടെ സംസ്ഥാനത്തെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ സെമസ്റ്റര്‍ രീതിയിലേക്കു മാറി.
സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ 35 വിഷയങ്ങളുടെ കോഴ്‌സ് എസ്‌സിഇആര്‍ടി പരിഷ്‌കരിച്ചതോടെ കൊമേഴ്‌സ് വിഷയങ്ങളിലെ തൊഴിലധിഷ്ഠിത പ്രാക്ടിക്കല്‍ ടൈപ്പ്‌റൈറ്റര്‍ മാറ്റി കംപ്യൂട്ടര്‍ ആക്കി. ഹയര്‍ സെക്കന്‍ഡറിക്കു തുല്യമായ സര്‍ട്ടിഫിക്കറ്റിനൊപ്പം നാല് തൊഴില്‍ നൈപുണി സര്‍ട്ടിഫിക്കറ്റും കുട്ടികള്‍ക്കു കിട്ടും. പുറത്ത് 5000 രൂപയിലധികം നല്‍കി പഠിക്കേണ്ട ഡിസിഎ കോഴ്‌സ് പുതുതായി ലഭിക്കും. പുതിയ വിഷയങ്ങളെക്കുറിച്ച് അധ്യാപകര്‍ക്കുള്ള പരിശീലനം നടന്നുവരുന്നു.
ടൈപ്പ്‌റൈറ്റര്‍ മെഷീന്‍ നില നിര്‍ത്തുന്നതിനായി സ്‌കൂളുകള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. കൊമേഴ്‌സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന സംസ്ഥാനത്തെ 200ലധികം സ്‌കൂളുകളിലായി 6000ലധികം ടൈപ്പ് റൈറ്ററുകള്‍ക്ക് ഇനി വിശ്രമകാലം. ഇനി പുതുതലമുറയോടു പറയാനുള്ള ചരിത്ര വിശേഷമായി മാറുകയാണ് ടൈപ്പ്‌റൈറ്ററുകള്‍.
Next Story

RELATED STORIES

Share it