വിഎച്ച്എസ്ഇ: 79% വിജയം; 23 സ്‌കൂളുകള്‍ക്ക് നൂറുശതമാനം

തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യതനേടി 79.03 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം ഇത് 80.54 ശതമാനമായിരുന്നു. ഇത്തവണ 28,031 പേര്‍ പരീക്ഷയെഴുതിയതില്‍ 22,152 പേരാണ് യോഗ്യത നേടിയത്.
പാര്‍ട്ട് ഒന്നും രണ്ടും വിജയിച്ച് 24,588 പേര്‍ (87.72) ട്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നേടി. ഇവര്‍ക്ക് തൊഴില്‍ നേടുന്നതിനും അപ്രന്റിസ്ഷിപ്പിനും അര്‍ഹതയുണ്ട്. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി ഉയര്‍ന്ന വിജയശതമാനം നേടിയത് പാലക്കാട് ജില്ലയാണ്- 89.64. കുറഞ്ഞ വിജയശതമാനം പത്തനംതിട്ട- 62.46. മറ്റു ജില്ലകളിലെ വിജയശതമാനം: തിരുവനന്തപുരം- 80.06, കൊല്ലം- 75.80, ആലപ്പുഴ- 76.04, കോട്ടയം- 75.95, എറണാകുളം- 85.24, ഇടുക്കി- 78.33, തൃശൂര്‍- 84.36, മലപ്പുറം- 81.51, കോഴിക്കോട്- 82.76, വയനാട്- 81.61, കണ്ണൂര്‍- 78.29, കാസര്‍കോട്- 71.04. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയതും പാലക്കാട് ജില്ലയാണ്- 94.12. കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയ്ക്കു തന്നെ- 71.71. 29 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 32 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
14 സര്‍ക്കാര്‍ സ്‌കൂളുകളും ഒമ്പത് എയ്ഡഡ് സ്‌കൂളുകളും മൂന്നു പാര്‍ട്ടുകളിലുമായി നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷ എഴുതിയതില്‍ എല്ലാ വിദ്യാര്‍ഥികളും പരാജയപ്പെട്ട സ്‌കൂളുകളില്ല. അട്ടപ്പാടി ഗവ. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 65.12 ശതമാനം വിജയം നേടി. ഇവിടെ പാര്‍ട്ട് ഒന്നിനും രണ്ടിനുമായി 79.07 ശതമാനം പേര്‍ വിജയിച്ചു.
സംസ്ഥാനത്തെ നാല് ബധിര-മൂക സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നടത്തിയത്. ഇതില്‍ ജഗതി ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഡഫും കുന്നംകുളം ഗവ. ഡഫ് വിഎച്ച്എസ്എസും നൂറുശതമാനം വിജയം നേടി.
Next Story

RELATED STORIES

Share it