വാഹന നിയന്ത്രണം: ലോക്‌സഭാ സെക്രട്ടേറിയറ്റും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പോര്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി എംപിമാര്‍ക്ക് ഏര്‍പ്പെടുത്തിയ ബസ് സര്‍വീസ് നിര്‍ത്തലാക്കിയതിനെച്ചൊല്ലി ലോക്‌സഭാ സെക്രേട്ടറിയറ്റും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പോര്. സര്‍വീസ് നിര്‍ത്തലാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ നടപടി ലോക്‌സഭാ സെക്രട്ടേറിയറ്റിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
എംപിമാരുടെ കാര്യം നോക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് സെക്രട്ടറി സി ഭല്ല പറഞ്ഞത്. ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസ്സുകള്‍ക്ക് പാര്‍ലമെന്റാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംപിമാര്‍ക്ക് ബസ് ഏര്‍പ്പെടുത്തണമെന്നു തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ സ്വമേധയാ ചെയ്തതാണ്. അതിനു ശേഷം എംപിമാര്‍ക്ക് വേണ്ടി തങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് മേനി പറയുന്നത് അപഹാസ്യമാണ്. ബസ്സുകള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും ദിനംപ്രതി 12,000 രൂപ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നല്‍കണമെന്നായിരുന്നു ധാരണ-അദ്ദേഹം പറഞ്ഞു. എംപിമാര്‍ക്കു വേണ്ടി തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ആറ് സ്‌പെഷ്യല്‍ ബസ്സുകള്‍ പ്രതികരണം മോശമായതിനെതുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
അതിനിടെ, വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ചു കുതിരപ്പുറത്ത് പാര്‍ലമെന്റിലേക്കു പുറപ്പെട്ട ബിജെപി എംപി ആര്‍ പി ശര്‍മയെ റെയില്‍ഭവന് സമീപം ഡല്‍ഹി പോലിസ് തടഞ്ഞു. കുതിരയുടെ കഴുത്തില്‍ 'മലിനീകരണ മുക്ത വാഹനം' എന്ന ബോര്‍ഡ് തൂക്കിയാണ് എംപി യാത്ര ചെയ്തിരുന്നത്. വാഹന നിയന്ത്രണത്തില്‍ നിന്ന് എംപിമാരെ ഒഴിവാക്കാത്തതിനെതിരേ ലോക്‌സഭയില്‍ ചില എംപിമാര്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it