Pathanamthitta local

വാഹന നികുതി കുടിശ്ശിക: ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി പത്തനംതിട്ട ബ്രാഞ്ച് ജപ്തി ചെയ്തു

പത്തനംതിട്ട: ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പത്തനംതിട്ട ബ്രാഞ്ച് റവന്യു വിഭാഗം ജപ്തി ചെയ്തു. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ട കോളജ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ശാഖ ഓഫിസാണ് വാഹന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റവന്യൂ വിഭാഗം ജപ്തി ചെയ്തത്.
അഞ്ച് കേസുകളിലായി 40,2756 രൂപയാണ് മോട്ടോര്‍ വാഹന നികുതിയായി അടയ്ക്കാനുള്ളത്. ഇത് സംബന്ധിച്ച് കമ്പനിക്ക് പല പ്രാവശ്യം കത്ത് നല്‍കിയിട്ടും അടയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇന്നലെ രാവിലെ പത്തോടെ പത്തനംതിട്ട വില്ലേജ് ഓഫിസര്‍ എസ് ഷാലി കുമാര്‍, വില്ലേജ് അസിസ്റ്റന്റ് പ്രസന്നന്‍, വില്ലേജ് ഫീല്‍സ് അസിസ്റ്റന്റ് രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തിലെത്തി ഉച്ചയോടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.
സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത സംഘം സ്ഥാപനത്തിന് താഴിടുകയും ചെയ്തു. ജില്ലയിലും പ്രധാന വാഹന വായ്പകള്‍ അനുവദിക്കുന്ന സ്ഥാപനങ്ങളിലൊന്നായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിക്കെതിരേ അമിത പലിശ ഈടാക്കുന്നതായുള്ള നിരവധി പരാതികളും നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it