വാഹന ഡീലര്‍മാരുടെ ഷോറൂമുകളില്‍ പരിശോധന; കോടികളുടെ ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വാഹന ഡീലര്‍മാരുടെ ഷോറൂമുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന. വാഹന രജിസ്‌ട്രേഷന്റെ പേരില്‍ ഉപയോക്താക്കളില്‍ നിന്ന് പ്രതിവര്‍ഷം കോടികള്‍ തട്ടുന്നതായുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു പരിശോധന.
ഉപയോക്താക്കളില്‍നിന്ന് ഹാന്‍ഡ്‌ലിങ് ചാര്‍ജിന്റെ പേരില്‍ വന്‍തുക ഈടാക്കി പ്രതിവര്‍ഷം 320 കോടി രൂപ തട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഓപറേഷന്‍ ആന്റി ലൂട്ടിങ് എന്നുപേരിട്ട റെയ്ഡില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തു. നിയമലംഘനത്തെ തുടര്‍ന്ന് 71 ഡീലര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം- മൂന്ന്, ആറ്റിങ്ങല്‍- നാല്, കൊല്ലം- ഒന്ന്, പത്തനംതിട്ട- രണ്ട്, ആലപ്പുഴ- രണ്ട്, ഇടുക്കി- ആറ്, എറണാകുളം- ഒമ്പത്, മുവാറ്റുപുഴ- മൂന്ന്, തൃശൂര്‍- മൂന്ന്, പാലക്കാട്- 13, മലപ്പുറം- നാല്, കോഴിക്കോട്- മൂന്ന്, വടകര- മൂന്ന്, വയനാട്- രണ്ട്, കണ്ണൂര്‍- ആറ്, കാസര്‍കോട്- ഏഴ് എന്നിങ്ങനെയാണ് നടപടി. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡീലര്‍മാര്‍ അന്യായമായി പണം വാങ്ങുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിന് പരാതികള്‍ ലഭിച്ചിരുന്നു. ഹാന്‍ഡ്‌ലിങ് ചാര്‍ജ് എന്ന പേരില്‍ വാങ്ങുന്ന തുക മോട്ടാര്‍വാഹന, നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണ് എന്നായിരുന്നു ഡീലര്‍മാരുടെ വാദം. പരാതി വ്യാപകമായതോടെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടു കണ്ടെത്തിയത്.
വാഹനം വാങ്ങുമ്പോള്‍ ഹാന്‍ഡ്‌ലിങ് ചാര്‍ജായി മോട്ടാര്‍ വാഹനവകുപ്പു നിശ്ചയിച്ചത് 500ല്‍ താഴെ രൂപയാണ്. കേരളത്തില്‍ പ്രതിവര്‍ഷം വില്‍ക്കുന്നത് ശരാശരി 8 ലക്ഷം വാഹനങ്ങളാണ്. ഇരുചക്രവാഹന ഉടമയില്‍നിന്നു 2000 രൂപ വരെ വീതം വാങ്ങുമ്പോള്‍ അനധികൃതമായി 120 കോടിയോളം രൂപയാണ് ഡീലര്‍മാര്‍ സമ്പാദിക്കുന്നത്. നാലുചക്ര വാഹനങ്ങളില്‍ നിന്ന് 6000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ വാങ്ങുമ്പോള്‍ 200 കോടി രൂപയുടെ അനധികൃത പിരിവാണ് ഡീലര്‍മാര്‍ നടത്തുന്നത്.
ഓപറേഷന്‍ ആന്റി ലൂട്ടിങ് എന്ന പേരില്‍ ആര്‍ടിഒമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിടുകയായിരുന്നു. നിയമലംഘനം നടത്തിയ വാഹനഡീലര്‍മാര്‍ക്കെതിരേ കേസെടുക്കാനും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ അനുമതി റദ്ദാക്കാനും നിര്‍ദേശം നല്‍കിയതായി തച്ചങ്കരി അറിയിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നാല്‍ നേരിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഫോണ്‍ നമ്പരിലോ(8547639000) tcoffice@kerala-mvd.gov.in എന്ന മെയിലിലോ പരാതി അറിയിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it