Gulf

വാഹന അപകടം നടന്നാല്‍ ഇനി മുതല്‍ പോലിസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല

വാഹന അപകടം നടന്നാല്‍ ഇനി മുതല്‍ പോലിസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല
X
accident

ദോഹ: വാഹന അപകടം നടന്നാല്‍ അതില്‍ ഉള്‍പ്പെട്ടവര്‍ ഇനി മുതല്‍ പോലിസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല. പകരം നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ചെന്ന് സംഭവം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സേവനത്തിന്റെ ഭാഗമായി പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ട്രാഫിക് വകുപ്പ് അഞ്ച് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസുകള്‍ തുറന്നിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ ഒരു സ്ഥലത്ത് വച്ചു തന്നെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഏതൊക്കെ ഇന്‍ഷുറന്‍സ് കമ്പനികളാണ് സേവനത്തില്‍ ഉള്‍പ്പെടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
നേരത്തേ അപകടമുണ്ടായാല്‍, പോലിസ് റിപോര്‍ട്ട് ഫയല്‍ ചെയ്യുന്നതിന് പോലിസ് സംഭവ സ്ഥലത്ത് എത്തുന്നതു വരെ കാത്തു നില്‍ക്കുകയോ അല്ലെങ്കില്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലേക്കു പോവുകയോ ചെയ്യേണ്ടിയിരുന്നു. അതിന് ശേഷമാണ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ച് ആക്‌സിഡന്റ് റിപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് വാഹന റിപ്പയറിങ് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരുമായി സംസാരിക്കുകയും ചെയ്യാമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഡ്രൈവര്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതു സംബന്ധിച്ച് പ്രസ്താവനയില്‍ വ്യക്തമല്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ അപകടം ഇലക്ട്രോണിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അപകട സ്ഥലത്തെത്തുന്ന ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്ത് റിപോര്‍ട്ട് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയക്കും. അപകടത്തിനിരയാവുന്നവര്‍ക്കും റിപോര്‍ട്ടിന്റെ കോപ്പി അയക്കും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നോ മെത്രാഷ് 2 മൊബൈല്‍ ആപ്പില്‍ നിന്നോ കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാവുന്നതാണ്.
ഇന്‍ഷുറന്‍സ് കമ്പനികളുമായി ഇലക്ട്രോണിക് ലിങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. അപകടം 48 മണിക്കൂറിനകം റിപോര്‍ട്ട് ചെയ്യണമെന്നും അല്ലെങ്കില്‍ 1000 റിയാല്‍ പിഴ ഈടാക്കുമെന്നും അതേ സമയത്ത് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it