kannur local

വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിക്ക് നാടിന്റെ യാത്രാമൊഴി

പാമ്പുരുത്തി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പാമ്പുരുത്തി ബദര്‍ മസ്ജിദിന് സമീപം വലിയകുനിമ്മല്‍ ഹൈറുന്നിസയുടെയും ഇരിക്കൂര്‍ പെരുവളത്തുപറമ്പ് സ്വദേശി അബ്ദുല്‍ മുനീറിന്റെയും മകന്‍ വി കെ മുഷ്താഖ് (19) ആണ് മരിച്ചത്. കമ്പില്‍ അക്ഷര കോളജിലെ ഒന്നാംവര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയായ പരേതന്‍ എസ്‌കെഎസ്എസ്എഫ് വിഖായ വോളന്റിയറാണ്. ചിത്രരചനയില്‍ പ്രാവീണ്യമുള്ള മുഷ്താഖ് കണ്ണൂര്‍ ജിടെക് കംപ്യൂട്ടര്‍ എജ്യൂക്കേഷന്‍ സെന്ററില്‍നിന്ന് ഗ്രാഫിക് ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. എസ്എസ്എഫ് സംസ്ഥാന സാഹിത്യോല്‍സവ് ഉള്‍പ്പെടെയുള്ള വിവിധ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുകയുണ്ടായി.
വിദ്യാര്‍ഥിയുടെ ആകസ്മിക വിയോഗം ഏല്‍പ്പിച്ച നടുക്കത്തില്‍നിന്ന് നാട്ടുകാര്‍ ഇനിയും മുക്തരായിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാറാത്ത് കാക്കത്തുരുത്തി ബസ്‌സ്റ്റോപ്പിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് മുഷ്താഖിന് പരിക്കേറ്റത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന പിതാവ് മുനീര്‍ അപകടവിവരമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ഇന്നലെ ഉച്ചയോടെ പാമ്പുരുത്തിയിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധിപേര്‍ മയ്യിത്ത് കാണാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനും എത്തിയിരുന്നു. ദുഃഖം തളം കെട്ടിനിന്ന അന്തരീക്ഷത്തില്‍ പ്രമുഖരടക്കം അനുശോചനം അര്‍പ്പിച്ചു. മുഷ്താഖിന്റെ സഹോദരന്‍ ഷഫീര്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാമ്പുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കെ എം ഷാജി എംഎല്‍എ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ഖജാഞ്ചി വി പി വമ്പന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം പി പി അബ്ദുല്‍ ഖാദര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മിറ്റിയംഗം എം റാസിഖ്, നാറാത്ത് ഏരിയാ പ്രസിഡന്റ് എ പി മുസ്തഫ, ഏരിയാ സെക്രട്ടറി മഷൂദ് മയ്യില്‍, എസ്ഡിടിയു ജില്ലാ സെക്രട്ടറി സി മഷൂദ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം സി പി സുരേന്ദ്രന്‍, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കെ ടി ശശി, സെക്രട്ടറി എന്‍ പി സി രഞ്ജിത്ത്, ഖജാഞ്ചി പ്രശാന്ത് പുത്തലത്ത്, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുസ്തഫ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ വി മേമി, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി കിണവക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, ജില്ലാ ഖജാഞ്ചി ഷഹീര്‍ പാപ്പിനിശ്ശേരി, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി, എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം അബ്ദുല്ലക്കുട്ടി ബാഖവി, എസ്‌വൈഎസ് ജില്ലാ നേതാക്കളായ ടി സി അബ്ദുര്‍റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി അജിത്ത് മാട്ടൂല്‍, അക്ഷര കോളജ് പ്രിന്‍സിപ്പല്‍ കെ എന്‍ രാധാകൃഷ്ണന്‍, മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി കെ വി ഹാരിസ്, കൊളച്ചേരി പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ പി മജീദ് തുടങ്ങിയവര്‍ സന്നിഹിതരായി.
Next Story

RELATED STORIES

Share it