malappuram local

വാഹനാപകടങ്ങള്‍ തുടര്‍ക്കഥ; വിറങ്ങലിച്ച് പാണ്ടിക്കാട്

പെരിന്തല്‍മണ്ണ: തുടര്‍ച്ചയായ റോഡ് അപകടങ്ങളില്‍ വിറങ്ങലിച്ച് പാടിക്കാട് ഗ്രാമം. പാണ്ടിക്കാട് അങ്ങാടിയില്‍ കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ നടന്ന രണ്ടു വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് നാല് യുവാക്കളുടേത്. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ മൂന്നു മണിക്ക് കോഴി ലോറിയും കെഎസ്ആര്‍ടിസി ബസ്സും പാണ്ടിക്കാട് സെന്‍ട്രലില്‍ കൂട്ടിയിടിച്ച് കണ്ണൂര്‍ കാട്ടാബള്ളി ചെന്നിയന്‍ വീട്ടില്‍ റഹീസ് (35), ഉച്ചാരക്കടവ് പായംകുളത്ത് ഇല്ല്യാസ് (28) എന്നിവര്‍ മരണപ്പെട്ടിരുന്നു. ഈ നടുക്കംമാറും മുമ്പ് ഇന്നലെ വൈകീട്ട് മൂന്നു മണിക്ക് മഞ്ചേരി റോഡില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആമക്കാട് പാറക്കല്‍ ജംഷീര്‍ (29), പന്തല്ലൂര്‍ മാഞ്ചീരികടവന്‍ മുഹമ്മദ് സാലി (29)യും മരണപ്പെട്ടു. കഴിഞ്ഞ അപകടത്തിനുകാരണം വാഹനങ്ങളുടെ അമിത വേഗതയെന്ന് കണ്ടെത്തിയെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നതിലുണ്ടായ നിസ്സംഗതയാണ് പാണ്ടിക്കാട്ടെ രണ്ടാം അപകടത്തിനു ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്.ട്രാഫിക് ഐലന്റ് ഇല്ലാത്ത ജങ്ഷനില്‍ പോലിസ് സാന്നിധ്യവും കുറവാണ്. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മേലാറ്റൂര്‍, മഞ്ചേരി റോഡുകളെ ബന്ധിപ്പിക്കുന്ന സെന്‍ട്രല്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
ഇരുഭാഗങ്ങളില്‍ നിന്നും അമിതവേഗത്തില്‍വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ നഗരത്തില്‍ മറ്റുമാര്‍ഗങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയതായാണ് ആക്ഷേപം. ഇരു അപകടത്തില്‍പ്പെട്ടവരെയും നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.
ഇടിയുടെ ആഘാതത്തില്‍ നെഞ്ചിനും കാലിനും പരിക്കേറ്റ യുവാക്കളുടെ ചേതനയറ്റ ശരീരം പാണ്ടിക്കാട് അങ്ങാടിയിലെ കച്ചവടക്കാരെയും ഓട്ടോ ഡ്രൈവര്‍മാരെയും ദുഖത്തിലാഴ്ത്തി. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി അലക്‌സ് പാണ്ട്യ (30)ന്‍ അത്യാസന്ന നിലയിലാണ്.
Next Story

RELATED STORIES

Share it