thiruvananthapuram local

വാഹനമോഷ്ടാക്കള്‍ പിടിയില്‍: ഒമ്പത് വാഹനങ്ങള്‍ കണ്ടെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിവിധ ഭാഗങ്ങളില്‍ നിന്നും 20 ഓളം വാഹനങ്ങള്‍ മോഷ്ടിച്ച വന്‍ കവര്‍ച്ചാ സംഘത്തെ സിറ്റി ഷാഡോ പോലീസും മെഡിക്കല്‍ കോളജ് പോലീസും ചേര്‍ന്ന് പിടികൂടി.
ആറ്റിങ്ങള്‍ പെരിങ്കുളം സ്വദേശി ആഷിക്(18), അഞ്ചല്‍ തടിക്കാട് സ്വദേശി മുജീബ്(22), അഞ്ചല്‍ തടിക്കാട് സ്വദേശി അബ്ദുള്‍ നാസര്‍(19), പുനലൂര്‍ വെന്‍ജോവ് സ്വദേശി സജാദ്(18) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിന്റെ പരിസരങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ്, കണ്‍ട്രോള്‍ റൂം എ.സി പ്രമോദ് കുമാര്‍, ശംഖുമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പോലീസ് സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഇതില്‍ മുജീബ് ഓട്ടോറിഷ െ്രെഡവറാണ്. പകല്‍ ഓട്ടോ ഓടുകയും രാത്രികാലങ്ങളില്‍ മൂന്നു പേരുമായി ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ നിന്നും മോഷ്ടിക്കാനുള്ള വാഹനം കണ്ടെത്തിയതിന് ശേഷം രണ്ടു പേര്‍ മാറി നിന്ന് വാഹനം വീക്ഷിക്കുകയും പരിസരത്ത് ആളില്ല എന്ന മനസ്സിലാക്കിയശേഷം മറ്റ് രണ്ട് പേരെ അറിയിക്കുകയും അവര്‍ വാഹനം ഇരിക്കുന്ന സ്ഥലത്തുനിന്നും തള്ളിമാറ്റി ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് വാഹനങ്ങളുടെ ലോക്ക് പൊട്ടിച്ചെടുത്ത് കൊണ്ടുപോവുകയുമാണ് പതിവ്. രാത്രി എട്ടിനും 10 നും ഇടയ്ക്കാണ് ഇവര്‍ പ്രധാനമായും മോഷണം നടത്തിയിരുന്നത്. ന്യൂജനറേഷന്‍ ബൈക്കുകളാണ് ഇവര്‍ പ്രധാനമായും മോഷ്ടിച്ചിരുന്നത്.
ഈ ബൈക്കുകള്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് വില്‍ക്കുകയാണ് ഇവരുടെ രീതി. വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ഗോവ,ചെന്നൈ, എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങി നടക്കുകയും കഞ്ചാവും മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നെന്നും പോലിസ് പറഞ്ഞു. ഇവരില്‍ നിന്നും പള്‍സര്‍, എഫ്. ഇസഡ് എന്നീ ഇനത്തില്‍പ്പെട്ട ഒന്‍പതോളം വാഹനങ്ങള്‍ കൊല്ലം, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സിറ്റിപോലീസ് കമ്മീഷണര്‍ എച്ച് വെങ്കടേഷിന്റെ നേതൃത്വത്തില്‍ ഡി.സി.പി സഞ്ജയ് കുമാര്‍, എ.സിമാരായ പ്രമോദ് കുമാര്‍, ജവഹര്‍ ജനാര്‍ദ്ദ്, മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയില്‍, എസ്.ഐ ബിജോയ്, അശോകന്‍, എസ്.സി.പി.ഒ ജയശങ്കര്‍, ഷാഡോ പോലീസുകാരായ യശോദരന്‍, അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, രഞ്ജിത്, വിനോദ്, അജിത്, പ്രദീപ്, അതുല്‍, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it