വാഹനമിടിച്ച് പരിക്കേറ്റ വൃദ്ധന്‍ രക്തംവാര്‍ന്നു മരിച്ചു; പോലിസ് കാഴ്ചക്കാരായി

തിരുവനന്തപുരം: നഗരമധ്യത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജ്ഞാതവൃദ്ധന്‍ അരമണിക്കൂറോളം സഹായം ലഭിക്കാതെ രക്തംവാര്‍ന്നു മരിച്ചു. ഇന്നലെ രാവിലെ 10ഓടെ കിഴക്കേക്കോട്ടയില്‍ പുത്തരിക്കണ്ടം മൈതാനത്തിനു സമീപമാണ് സംഭവം.
50 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടിയായ ഇയാളെ വളരെ വൈകി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലിസിന്റെ അനാസ്ഥയാണു മരണ കാരണമെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ വിഎസ്എസ്‌സിയുടെ ബസ്സാണ് ഇയാളെ ഇടിച്ചത്. പിന്‍ചക്രം കയറിയിറങ്ങി ഇരുകാലുകളും തകര്‍ന്നു. സമീപത്ത് കണ്‍ട്രോള്‍റൂം വാഹനമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ പോലിസ് തയ്യാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. സഹായത്തിനായി 108 ആംബുലന്‍സിനെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് വളരെ വൈകിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സ് എത്തുന്നതുവരെ പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കണ്‍ട്രോള്‍റൂം വാഹനത്തില്‍ കൊണ്ടുപോവാന്‍ ബുദ്ധിമുട്ടായതിനാലാണ് ആംബുലന്‍സ് എത്തുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നത് എന്നാണ് പോലിസിന്റെ പ്രതികരണം. അപകടം വരുത്തിയ വാഹനം ഓടിച്ചിരുന്ന ശ്രീനേഷിനെ ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലിസിന് കൈമാറി.
തമിഴ്‌നാട് സ്വദേശിയായ മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it