Editorial

വാഹനപ്പുക നിയന്ത്രിക്കാന്‍ സമഗ്ര നടപടികള്‍ വേണം

ഇന്ത്യയില്‍ ഏറ്റവും മലിനമായ വായുവുള്ള തലസ്ഥാന നഗരിയില്‍ സ്വകാര്യ വാഹനങ്ങള്‍ റോഡില്‍ ഇറങ്ങുന്നതിനു ഗവണ്‍മെന്റ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് മറ്റു നഗരങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങള്‍ക്കും ഒറ്റയക്ക നമ്പറുള്ള വാഹനങ്ങള്‍ക്കും വെവ്വേറെ ദിവസം നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രംഗത്തുവന്നത്. മറ്റു പല രാജ്യങ്ങളിലും പ്രയോഗിച്ചുകൊണ്ടിരുന്ന ഈ നടപടിയെപ്പറ്റി മുമ്പ് ചര്‍ച്ചയുണ്ടായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നായി അതിനെ എതിര്‍ക്കുകയായിരുന്നു.
സുപ്രിംകോടതി മുമ്പുതന്നെ വലിയ വാഹനങ്ങള്‍ക്ക് പ്രകൃതിവാതകം ഉപയോഗിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ചെറുകിട വ്യവസായശാലകളില്‍ നിന്നുള്ള മലിനീകരണം കുറേ നിയന്ത്രിക്കുന്നതിനും സുപ്രിംകോടതിയുടെ ഇടപെടല്‍ സഹായകമായി. അതേയവസരം, വായുമലിനീകരണം മതിയായ രീതിയില്‍ കുറയ്ക്കുന്നതിന് അതൊന്നും വേണ്ടത്ര സഹായിച്ചില്ല. വിദേശ എംബസികളില്‍ ജോലി ചെയ്യുന്ന വിദേശികളായ പല ജീവനക്കാരെയും നിശ്ചിത കാലം മാത്രം സേവനമനുഷ്ഠിച്ച ശേഷം പിന്‍വലിക്കാറാണ് പതിവ്.
എന്നാല്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ സൂചിപ്പിക്കുന്നതുപോലെ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും മലിനീകരണം കുറഞ്ഞ ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്നതുവഴിയേ പ്രശ്‌നത്തിനു ശരിയായ പരിഹാരമാവൂ. പൊതുഗതാഗതം മെച്ചപ്പെടുത്തുകയും വേണം. ശുദ്ധമായ ഇന്ധനം ഉപയോഗിക്കാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ പ്രയോഗത്തില്‍ വരുത്തുന്നത് പ്രയാസമാണെന്ന് പെട്രോളിയം മന്ത്രാലയം തന്നെ സൂചിപ്പിക്കുന്നു. ഇന്ധനക്ഷമതയുടെ ഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ വാഹനങ്ങളില്‍ ഒട്ടിച്ചതുകൊണ്ടു മാത്രം വായുമലിനീകരണം തടയാന്‍ പറ്റില്ല. ഇന്ത്യയില്‍ സമീപകാലത്തായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഇരുചക്രവാഹനങ്ങളും ഡീസല്‍ കാറുകളും പൊതുവില്‍ കാര്യക്ഷമത കുറഞ്ഞതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തിനു ദ്വിചക്രവാഹനങ്ങള്‍ ഒഴിവാക്കുന്നു എന്നാണ് കോടതി തന്നെ ഉന്നയിക്കുന്ന ചോദ്യം. മറ്റു ചെറിയ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനക്ഷമതയില്‍ പിന്നില്‍ നില്‍ക്കുന്ന ദ്വിചക്രവാഹനങ്ങള്‍ മലിനീകരണത്തില്‍ മുമ്പിലാണെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഡീസല്‍ വാഹനങ്ങളുടെ കാര്യം കൂടുതല്‍ പരിതാപകരമാണ്. ഫോക്‌സ്‌വാഗണ്‍ പോലുള്ള കാര്‍ നിര്‍മാതാക്കള്‍ വരെ അതില്‍ തട്ടിപ്പു കാണിക്കുന്ന വിവരം ഈയിടെ പുറത്തുവന്നു. രജിസ്‌ട്രേഷനും അതു പുതുക്കുന്നതിനും ഒരു സര്‍ട്ടിഫിക്കറ്റ് കാശു കൊടുത്തു വാങ്ങണമെന്നേ ഇക്കാര്യത്തില്‍ സര്‍ക്കാരിനു വാശിയുള്ളൂ. വാഹനങ്ങളുടെ കൃത്യമായ പരിശോധന നടക്കാറില്ലെന്നു മാത്രമല്ല, രാജ്യത്തൊക്കെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ അഴിമതിയുടെ കാര്യത്തിലാണ് മുമ്പില്‍.
വളരെ വ്യാപകവും സമഗ്രവുമായ രീതിയില്‍ വാഹനപ്പുക നിയന്ത്രിക്കുന്നതിനു കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നടപടിയെടുത്താല്‍ മാത്രമേ ഡല്‍ഹിയും ഇന്ത്യയിലെ ചെറുതും വലുതുമായ മറ്റു നഗരങ്ങളും ശ്വാസംമുട്ടി മരിക്കുന്നതില്‍ നിന്നു രക്ഷപ്പെടൂ. കെജ്‌രിവാളിന്റേത് ഒരു തുടക്കം മാത്രമാണ്.
Next Story

RELATED STORIES

Share it