malappuram local

വാഹനത്തില്‍ കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

എടക്കര: വാഹനത്തില്‍ കര്‍ണാടകയിലേക്ക് കടത്തുകയായിരുന്ന വന്‍ സഫോടകവസ്തു ശേഖരം എടക്കര പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് പല്ലശ്ശന പഴയകാവ് സ്വദേശി പായിട്ടുക്കാട് കൃഷ്ണന്‍ (42), എടവണ്ണ പത്തപ്പിരിയം നെല്ലാണി സ്വദേശി ഒളിക്കല്‍ സന്തോഷ് (39), മൈസൂര്‍ നഞ്ചന്‍കോട് വെങ്കിടാചലപുരം സ്വദേശി രാമചന്ദ്രന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
ചുങ്കത്തറ സ്വദേശി പുന്നപ്പാല ഷമീര്‍ എന്ന സക്കീറിനെതിരെയും സംഭവവുമായി ബന്ധപ്പെട്ട് എടക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് ചുങ്കത്തറ മുട്ടിക്കടവില്‍ എടക്കര എസ്‌ഐ മനോജ് പറയറ്റയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെഎല്‍-63-2700 നമ്പര്‍ ബോലോറോയില്‍ കടത്തുകയായിരുന്ന സ്‌ഫോടക ശേഖരം പിടികൂടിയത്.
ഇരുനൂറ് ജലാറ്റിന്‍ സ്റ്റിക്കുകള്‍, 500-ഡിറ്റനേറ്റര്‍, 150 ഇലക്ട്രിക് ഡിറ്റനേറ്റര്‍, 200 മീറ്റര്‍ ഫ്യൂസ് വയര്‍ എന്നിവയാണ് വാഹനത്തില്‍ നിന്നു പിടികൂടിയത്. രഹസ്യ വിവരത്തെത്തുടരന്നായിരുന്നു പോലിസ് സംഘം വാഹന പരിശോധന നടത്തിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. സ്‌ഫോടക വസ്തുക്കള്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണു പ്രതികള്‍ നല്‍കിയ മൊഴി. പോത്തുകല്‍ പഞ്ചായത്തിലെ വെള്ളിമുറ്റത്ത് കരിങ്കല്‍ ക്വാറി നടത്തിയിരുന്ന മുട്ടിക്കടവ് സ്വദേശി ഷെമീര്‍ മുഖാന്തിരമാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതെന്നാണ് അറസ്റ്റിലായവര്‍ പറഞ്ഞു. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസ് അറിയിച്ചു. എസ്‌ഐക്ക് പുറമെ അഡീഷനല്‍ എസ്‌ഐ ഹരിദാസ്, എഎസ്‌ഐ ജോസ്, സിപിഒമാരായ മുരളീകൃഷ്ണന്‍, ടോണി ജോസഫ്, പ്രതീഷ്, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it