wayanad local

വാസയോഗ്യമല്ലാത്ത ഭൂമി നല്‍കി ലക്ഷ്യം നേടാന്‍ റവന്യൂ വകുപ്പിന്റെ നീക്കം

മാനന്തവാടി: വാസയോഗ്യമല്ലാത്ത ഭൂമി നല്‍കി ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലക്ഷ്യലെത്തിക്കാന്‍ റവന്യൂ വകുപ്പിന്റെ നീക്കം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ വിതരണം ചെയ്ത ഭൂമിയില്‍ അവകാശികള്‍ ഇതുവരെയും തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വനത്തോട് ചേര്‍ന്ന് വീടുവെക്കാന്‍ കഴിയാത്ത 12 ഏക്കറോളം വരുന്ന ഭൂമി 400 ഓളം പേര്‍ക്ക് നല്‍കാന്‍ റവന്യൂ വകുപ്പ് നീക്കം നടത്തുന്നത്.
തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ മിച്ചഭൂമിയായി റവന്യൂ വകുപ്പിന്റെ കൈവശമുള്ള 80 ഏക്കര്‍ ഭൂമിയില്‍ നിന്നും 12 ഏക്കറോളം ഭൂമിയാണ് മൂന്ന് സെന്റ് വീതമായി നല്‍കാന്‍ നടപടികള്‍ നടക്കുന്നത്. ഈ ഭൂമിയിലെ ബാക്കിഭാഗങ്ങള്‍ വനഭൂമിയായി സര്‍ക്കാര്‍ ചേര്‍ത്തിരിക്കുകയാണ്.
വെള്ളമോ വഴിയോ മറ്റു സൗകര്യങ്ങളോ ഒന്നുംതന്നെയില്ലാത്ത ഈ ഭൂമി 400 പേര്‍ക്ക് നല്‍കുന്നതോടെ ആര്‍ക്കും ഉപയോഗപ്പെടാതെ ഭൂമി മാറുമെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലയില്‍ 4810 പേരാണ് സ്വന്തമായി ഭൂമിയില്ലാത്തവരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്.
ഇവരുടെ ലിസ്റ്റ് തയ്യാറാക്കിയതില്‍ തന്നെ മതിയായ പരിശോധനയില്ലാതെയാണെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ലിസ്റ്റില്‍ കയറികൂടി ഭൂമി കൈപ്പറ്റിയവരില്‍ തന്നെ 90 ശതമാനം പേരും തങ്ങള്‍ക്ക് ലഭിച്ച ഭൂമിയില്‍ താമസം തുടങ്ങിയിട്ടില്ല. 800-ഓളം പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ ഭൂമി നല്‍കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഭൂമിയും, രണ്ടാംഘട്ടത്തില്‍ വീടും നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കമെങ്കിലും ആദ്യഘട്ടം തന്നെ പരാജയത്തിലേക്കാണ് നീങ്ങിയത്.
പാട്ടകാലാവധി കഴിഞ്ഞ ഭൂമിയുള്‍പ്പടെ വന്‍കിടകാരുടെ കയ്യില്‍ ഏക്കറുകണക്കിന് ഭൂമി കൈവശമുണ്ടെങ്കിലും ഇതൊന്നും ഏറ്റെടുക്കാതെ വീട് നിര്‍മിച്ച് താമസിക്കാന്‍ കഴിയാത്ത വനത്തോട് ചേര്‍ന്നതും ലഭ്യമല്ലാത്തതുമായ ഭൂമിയാണ് സര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും അവശതയനുഭവിക്കുന്നവര്‍ക്കായി കണ്ടെത്തുന്നത്.
ഭരണകാലാവധി കഴിയുന്നതിന് മുമ്പായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന പേരില്‍ തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണിപ്പോള്‍ സര്‍ക്കാരിനുള്ളതെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു. ഇതിനുവേണ്ടിയാണ് ഇത്തരം ഭൂമി തുണ്ടം തുണ്ടമായി വീതം വയ്ക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it