Alappuzha local

വാശിയേറിയ മല്‍സരത്തിന് മുന്നണി സ്ഥാനാര്‍ഥികള്‍ സജ്ജം: അരൂര്‍ ഇക്കുറി ആര്‍ക്കൊപ്പം?

പൂച്ചാക്കല്‍: അരൂരില്‍ സിറ്റിങ് എംഎല്‍എ എ എം ആരിഫിന്റെ വിജയത്തിന് കടിഞ്ഞാണിടാന്‍ കോണ്‍ഗ്രസ് സാരഥി സി ആര്‍ ജയപ്രകാശിന് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇരുമുന്നണികളും തമ്മില്‍ പോരാട്ടം കനത്തതോടെ വാശിയേറിയ മല്‍സരത്തിനാണ് മണ്ഡലം സാക്ഷിയാവുക.
അഭിഭാഷകര്‍ തമ്മിലുള്ള പോരാട്ടം എന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ഡിസിസി മുന്‍ പ്രസിഡന്റുമായ സി ആര്‍ ജയപ്രകാശ് വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. സ്ഥാനാര്‍ത്ഥി തര്‍ക്കം മൂര്‍ചിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് വളരെ വൈകിയാണ് അരൂരില്‍ പ്രചരണം തുടങ്ങിയത്. എന്നാല്‍ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന പ്രചരണവുമായി യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
എട്ട് വര്‍ഷത്തോളം ആലപ്പുഴ ഡിസിസി പ്രസിഡന്റ്, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, നാഷണല്‍ കോണ്‍സേറ്റീവ് യൂനിയന്‍ മെംബര്‍, സെനറ്റ് മെംബര്‍, എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെംബര്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ എക്‌സിക്യൂട്ടീവ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സി ആര്‍ ജയപ്രകാശ് രണ്ട് തവണ കായംകുളം നഗരസഭ ചെയര്‍മാനായിട്ടുണ്ട്.
2006ല്‍ കായംക്കുളത്ത് നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരിവനന്തപുരം ലോ കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ആലപ്പുഴ കോടതിയിലെ അഭിഭാഷകനാണ്. മൂന്നാം ആങ്കത്തിന് ഒരുങ്ങുന്ന നിലവിലെ എംഎല്‍എ എ എം ആരിഫ് 2006 ല്‍ കെ ആര്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തിയാണ് മണ്ഡലം കൈക്കലാക്കിയത്. പിന്നീട് 2011ല്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിനെ 16840 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നിലവില്‍ സിപിഎം സീറ്റാണ് അരൂര്‍. ആദ്യം എ എം ആരിഫ്, സംസ്ഥാന കമ്മറ്റിയംഗം സി ബി ചന്ദ്രബാബു എന്നിവരുടെ പേരുകളാണ് സിപിഎം അരൂരില്‍ മുന്നോട്ട് വച്ചത്. രണ്ട് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കമണമെന്ന സിപിഎം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശം വന്നെങ്കിലും ജനസമ്മതി കണക്കിലെടുത്ത് ആരിഫിനെ പരിഗണിക്കുകയായിരുന്നു.
ജെഎസ്എസ് യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തുടര്‍ച്ചയായി മത്സരിച്ചിരുന്ന അരൂര്‍ മണ്ഡലത്തില്‍ 2011ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മല്‍സരിച്ചത്. നടന്‍ സിദ്ദീഖിന്റ പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യം അരൂരില്‍ ഉയര്‍ന്നുവന്നത്. പിന്നീട് അരൂര്‍ ആര്‍എസ്പിക്ക് നല്‍കുമെന്ന പ്രചാരണമുണ്ടായെങ്കിലും സീറ്റ് തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സര രംഗത്ത് വരികയായിരുന്നു. സമുദായിക വോട്ടുകള്‍ക്ക് പുറമെ രാഷ്ട്രീയഅടിത്തറയുള്ള മണ്ണാണ് അരൂര്‍. അതുകൊണ്ട് തന്നെ കരുതിയുള്ള കരുക്കള്‍ നീക്കിയാണ് ഇരുമുന്നണിയും പ്രചരണം നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി റ്റി അനിയപ്പനും മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it