palakkad local

വാളയാര്‍- വടക്കഞ്ചേരി ദേശീയപാതയില്‍ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്

പാലക്കാട്: വാളയാര്‍- വടക്കഞ്ചേരി നാലുവരി ദേശീയപാത അപകട പാതയാകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി കെ ബിജു എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തി.
ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ മന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച. നിര്‍മാണത്തിലെ അപാകത മൂലവും, ജങ്ഷനുകളില്‍ സിഗ്നല്‍ സംവിധാനവും, വെളിച്ചവും, മറ്റനുബന്ധ സൗകര്യങ്ങളും ഇല്ലാതേയും ദേശീയപാതയില്‍ അപകട മരണങ്ങള്‍ ദിനംപ്രതിയെന്ന നിലയില്‍ സംഭവിക്കുന്ന സാഹചര്യത്തിലാണ് എംപി ഈ വിഷയം നേരിട്ട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് ലോകസഭയില്‍ എംപി സബ്ബ്മിഷന്‍ അവതരിപ്പിക്കുകയും കേന്ദ്രമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ സുരക്ഷക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു മുന്‍പ് തന്നെ ദേശീയപാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയും, ടോള്‍ പിരിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയും എം പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ദേശീയപാതയില്‍ അനുബന്ധസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന ദേശീയപാത അതോറിറ്റി അധികൃതരുടേയും കരാറുകാരുടേയും നിലപാട് എംപി മന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു.
എംപിമാരായ പി കരുണാകരന്‍, ഇന്നസെന്റ്, സി എന്‍ ജയദേവന്‍ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it