വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം; അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപോര്‍ട്ട് കോടതി അംഗീകരിച്ചു

കൊച്ചി: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റു തെളിവുകളില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കേസില്‍ സിബിഐ ശാസ്ത്രീയ പരിശോധനകളെ അടിസ്ഥാനമാക്കി നടത്തിയ കണ്ടെത്തലുകളില്‍ അവ്യക്തതയില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കമനീസ് ഉത്തരവില്‍ പറഞ്ഞു. എന്നാല്‍, പുനരന്വേഷണത്തിന് സിബിഐക്ക് തടസ്സങ്ങളില്ലെന്നും കോടതി വിധിച്ചു.
അധ്യാപകന്‍ കൃഷ്ണകുമാറിനെ വാളകത്ത് 2011 സപ്തംബര്‍ 27ന് ആരെങ്കിലും ആക്രമിച്ചതായി തെളിവില്ലെന്നും റോഡപകടത്തില്‍ പരിക്കേറ്റതാവാമെന്നുമുള്ള സിബിഐ റിപോര്‍ട്ടിനെതിരേ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സിബിഐ റിപോര്‍ട്ടിനെതിരേ കൃത്യമായ എതിര്‍വാദങ്ങള്‍ ഹരജിക്കാരി കോടതി നിര്‍ദേശിച്ച 15 ദിവസത്തിനകം സമര്‍പ്പിച്ചില്ല. കൃഷ്ണകുമാര്‍ തനിക്കേറ്റ പരിക്കുകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണു നല്‍കിയത്. പോലിസിനു നല്‍കിയ മൊഴിയില്‍ നിലമേല്‍ ജങ്ഷനില്‍നിന്നു വാളകത്തേക്ക് കെഎസ്ആര്‍ടിസി ബസ്സിലാണ് പോയതെന്നും എന്നാല്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാറില്‍നിന്നു താന്‍ പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നെന്നുമാണ് പറഞ്ഞത്.
കേസില്‍ മെഡിക്കല്‍ ബോര്‍ഡിനും ആഴത്തിലേറ്റ മുറിവുകളുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല. കൃഷ്ണകുമാറും ബോര്‍ഡുമായി സഹകരിച്ചില്ല. മുറിവേല്‍പ്പിച്ചശേഷം കൃഷ്ണകുമാറിനെ വാളകത്തേക്ക് കൊണ്ടുവന്നതായ പാടുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നും സിബിഐ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടില്‍ പറയുന്നു. കേസില്‍ ആരുടെയെങ്കിലും പ്രത്യേക പങ്കുള്ളതായോ ആയുധമുപയോഗിച്ചതായോ തെളിഞ്ഞിട്ടില്ലെന്നും സിബിഐ റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സിബിഐയുടെ റിപോര്‍ട്ടില്‍ 46 രേഖകളെപ്പറ്റിയുള്ള സൂചനകള്‍ നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കിയില്ലെന്നും റിപോര്‍ട്ടിനൊപ്പം രേഖകളില്ലാത്തതിനാല്‍ റിപോര്‍ട്ട് അപൂര്‍ണമാണെന്നും സിബിഐ ഇതു തിരിച്ചെടുക്കണമെന്നും ഭാര്യ ഗീത എതിര്‍ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിബിഐ സമര്‍പ്പിക്കുന്ന രേഖകള്‍ കോടതിരേഖകളായി പരിഗണിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും അതിനാല്‍ അവയുടെ പകര്‍പ്പ് ഹരജിക്കാരിക്കു നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it