വാര്‍ത്ത നിഷേധിച്ച് അഫ്ഗാന്‍ താലിബാന്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍-താലിബാന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. പാക്-അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ അഹമ്മദ് വാല്‍പട്ടണത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അക്തര്‍ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങളുടെ അവകാശവാദം. സഹപ്രവര്‍ത്തകനോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഡ്രോണ്‍ (ആളില്ലാവിമാനം) ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അനുമതിയോടെയാണ് ആക്രമണം നടത്തിയത്.ആക്രമണത്തിനു മുമ്പ് പാക് -അഫ്ഗാന്‍ അധികൃതരെ വിവരം അറിയിച്ചിരുന്നതായും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. പൊതുവേദികളില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെടാത്ത മന്‍സൂര്‍ അഫ്ഗാനിലും കാബൂളിലും താലിബാന്‍ നടത്തിയ മിക്ക ആക്രമണങ്ങളുടെയും ആസൂത്രകനാണെന്നാണ് യുഎസ് ഭാഷ്യം.അതേസമയം മുല്ല അക്തറിന്റെ മരണവാര്‍ത്ത അഫ്ഗാന്‍-താലിബാന്‍ നിഷേധിച്ചു. മുല്ല അക്തര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ മുമ്പും വ്യാജ പ്രചാരണം നടന്നിട്ടുണ്ടെന്നും താലിബാന്‍ അറിയിച്ചു. ഡിസംബറില്‍ മുല്ല അക്തര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അറിയിച്ചിരുന്നു. പിന്നീട് മുല്ല അക്തറിന്റെ ശബ്ദരേഖ പുറത്തുവിട്ടാണ് താലിബാന്‍ ഇതിനെ പ്രതിരോധിച്ചത്. അതേസമയം, അക്തര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ ചാരസംഘടന സ്ഥിരീകരിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. 2015ല്‍ താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മുല്ല അക്തര്‍ നേതൃത്വം ഏറ്റെടുത്തത്. 2010ല്‍ അബ്ദുല്‍ ഖനി ബരാദര്‍ കറാച്ചിയില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ആദ്യം താലിബാന്റെ ഉപമേധാവിയായത്. മുല്ലാ ഉമറിന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്ന അക്തര്‍ മുമ്പ് താലിബാന്‍ കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it